വിലവർധന; താളംതെറ്റി കുടുംബ ബജറ്റ്

തൃശൂർ: പലചരക്ക് സാധനങ്ങളുടെ കിതപ്പില്ലാത്ത വിലക്കുതിപ്പിൽ വലഞ്ഞ് ജനം. അരി അടക്കം സാധനങ്ങളുടെ വില വൻതോതിലാണ് ഉയരുന്നത്. അരിക്ക് 10 രൂപ വരെ വർധിച്ചു. 39 രൂപയുണ്ടായിരുന്ന മട്ടക്ക് ഇപ്പോൾ വില 50 ആണ്. ചില്ലറ വില 60 വരെ ഈടാക്കുന്നവരുണ്ട്.

ജയ 54 മുതൽ 55 വരെയാണ് മൊത്തവില. 56 മുതൽ 60 വരെയാണ് ചില്ലറവില. സുരേഖ 44 മുതൽ 46 രൂപ വരെയാണ് വില. 48 - 50 രൂപ വരെയാണ് ചില്ലറവില. കുറുവ 36- 37 രൂപയാണെങ്കിൽ ചില്ലറവില 40 - 42 രൂപയാണ്. ആന്ധ്രപ്രദേശിലടക്കം ഉൽപാദനം കുറഞ്ഞതാണ് വില കുതിക്കാൻ കാരണമെന്ന് പറയുന്നു.

ഇതുകൂടാതെ പയര്‍, പരിപ്പ്, ഉഴുന്ന്, ശർക്കര, കടല, ഗ്രീൻപീസ്, മുതിര എന്നിവക്കെല്ലാം വില വര്‍ധിച്ചിട്ടുണ്ട്. വൻപയർ വില 88ൽ എത്തിനിൽക്കുന്നു. ബോൾ കടലക്ക് കിലോക്ക് 98 രൂപയായി. പരിപ്പിന്റെ വില 75 ആണ്. ശർക്കരക്ക് 48 - 50ഉം ഗ്രീൻപീസിന് 80 രൂപയുമാണ് വില. ഉഴുന്ന് 110 രൂപയിലാണ് വിൽക്കുന്നത്. കടല കിലോക്ക് 75 രൂപയുമായി. പഞ്ചസാര 38 - 40 രൂപയാണ്.

ചെറുപയറിന് കിലോക്ക് 100 രൂപയുണ്ട്. ഇന്ധന വില വർധനയടക്കമുള്ള കാര്യങ്ങൾ വിലവർധനക്ക് കാരണമാണ്. പച്ചക്കറിക്കൊപ്പം പലചരക്ക് സാധനങ്ങളുടെ വിലവർധന ജനങ്ങളുടെ കുടുംബ ബജറ്റിനെ സാരമായി ബാധിച്ചു.

ചെറുകിട -ഉള്‍നാടന്‍ ഗ്രാമങ്ങളിലെ കച്ചവടക്കാരാണ് വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്നത്. മൊത്തക്കച്ചവടക്കാരില്‍നിന്ന് കൂടിയ നിരക്കിൽ സാധനങ്ങൾ വാങ്ങി വിൽപനക്ക് വെക്കാനാവാത്ത സാഹചര്യമാണ് അവർക്ക്.

വിവിധ സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതിമൂലം ചരക്കുവരവ് കുറഞ്ഞതാണ് വില വർധനക്ക് കാരണം. മാത്രമല്ല, ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് വിദൂരങ്ങളിൽനിന്ന് സാധനങ്ങൾ എത്തുമ്പോഴുണ്ടാവുന്ന ഗതാഗത ചെലവ് ഗണ്യമായി കൂടിയതും കാര്യങ്ങൾ തകിടംമറിക്കുന്നു.

മുരിങ്ങക്ക-കാരറ്റ് കിടമത്സരം

തൃശൂർ: 120 രൂപയാണ് മുരിങ്ങക്കായ വിലയെങ്കിൽ കാരറ്റ് വില 100 രൂപയാണ്. ചെറുനാരങ്ങക്കും കിലോക്ക് 100 തന്നെ. പച്ചമാങ്ങക്ക് 90ഉം കറിനാരങ്ങ, ഇഞ്ചി, പച്ചമുളക് എന്നിവക്ക് 80 രൂപയുമാണ് വില. ബീൻസിനും വെളുത്തുള്ളിക്കും 70 രൂപയാണ് വില.

ഉള്ളി, ബീറ്റ്റൂട്ട്, കൂർക്ക, കോളിഫ്ലവർ എന്നിവയുടെ വില 60 രൂപയാണ്. കാബേജ്, കോവക്ക, നെല്ലിക്ക എന്നിവയുടെ വില 50 ആണ്. തക്കാളി, ഉരുളക്കിഴങ്ങ്, പയർ, കൊത്തമര എന്നിവയുടെ വില 40ലെത്തി. വഴുതന, മത്തൻ എന്നിവക്ക് 36ഉം വെള്ളരിക്ക് 35ഉം കുമ്പളത്തിന് 30ഉം ആണ് വിലനിലവാരം. ഞാലിപ്പൂവന് 70ഉം പൂവന് 60മാണ് വില. നേന്ത്രപ്പഴത്തിന് 55 ആയി കുറഞ്ഞു. ചെറുപഴം, കണ്ണൻ, റോബസ്റ്റ് എന്നിവയുടെ വില 30 രൂപയുമാണ്.

അതേസമയം മത്തി, അയല അടക്കം ചെറുമീനുകൾക്ക് വില കുറവാണ്. വൈകുന്നേരങ്ങളിൽ 100 രൂപക്ക് ഒന്നര കിലോവരെ മത്തി ലഭിക്കുന്നുണ്ട്. അയ്ക്കൂറ അടക്കം വലിയ മത്സ്യങ്ങൾക്ക് വില കൂടുതലാണ്.

വിപണി പരിശോധന വേണം

തൃശൂർ: വിപണിയിൽ പരിശോധനയും നടപടികളും തുടർച്ചയായി വേണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. എന്നാലിത് കാര്യക്ഷമമായി നടക്കുന്നില്ല. ഓണത്തിനു പോലും കൃത്യമായ നടപടി ഉണ്ടായിരുന്നില്ല.

ഓണത്തിനു ശേഷം എല്ലാം നിലച്ച മട്ടുമാണ്. അതേസമയം, സപ്ലൈകോ വിൽപനശാലകളിൽ ഓണവിപണിക്കായി വാങ്ങിയ സാധനങ്ങൾ ഇപ്പോഴുമുണ്ട്. 13 സബ്സിഡി സാധനങ്ങളും ഏതാണ്ട് ലഭ്യമാണ്. 

Tags:    
News Summary - price increase-Disrupted family budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.