പൈനൂർ കായൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു
ചെന്ത്രാപ്പിന്നി: എടത്തിരുത്തി പഞ്ചായത്തിലെ പൈനൂർ കായൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കയ്പമംഗലം നിയോജക മണ്ഡലത്തിൽ ജൽജീവൻ മിഷൻ ഉൾപ്പെടെ വിവിധ വികസന പദ്ധതികൾ മികച്ച രീതിയിൽ നടപ്പാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പൈനൂർ പൂക്കോട്ട് ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിൽ ഇ.ടി. ടൈസൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. പദ്ധതിക്ക് സൗജന്യമായി ഭൂമി നൽകിയവരെ ആദരിച്ചു.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു, ജില്ല പഞ്ചായത്ത് അംഗം കെ.എസ്. ജയ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിലെ പൈനൂർ പ്രദേശത്തെ 148 ഹെക്ടർ കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കാനുള്ള പദ്ധതിയാണിത്. 1995ൽ ഭരണാനുമതി ലഭിച്ചെങ്കിലും ഭൂമി കിട്ടാൻ താമസം നേരിട്ടു. ഇ.ടി. ടൈസൺ എം.എൽ.എയുടെ ഇടപെടലിലാണ് ഭരണാനുമതി ലഭിച്ചത്.
പദ്ധതി നടപ്പാക്കാനായി പമ്പ് ഹൗസിന്റെ പുനരുദ്ധാരണവും പമ്പ് ഹൗസിലേക്ക് ബണ്ട് റോഡ് നിർമാണവും, മോട്ടോർ പമ്പ് സെറ്റ്, പൈപ്പിടൽ, നാല് സ്ലൂയിസുകളുടെ നിർമാണം, കനാൽ ട്രഫ് നിർമാണം എന്നിവയും പൂർത്തിയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.