മാ​ള​യി​ലെ ആ​ധു​നി​ക മ​ത്സ്യ​മാ​ര്‍ക്ക​റ്റ്

ആധുനിക മത്സ്യമാർക്കറ്റ്; കച്ചവടക്കാർ കൈയൊഴിഞ്ഞു

മാള: 2013ൽ പ്രവർത്തനം തുടങ്ങിയ മാളയിലെ ആധുനിക മത്സ്യമാർക്കറ്റ് ശോച്യാവസ്ഥയിൽ. നാഷനൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെയും കേരള സംസ്ഥാന തീരദേശ വികസന കോർപറേഷന്റെയും സംയുക്ത സംരംഭമാണിത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച ആധുനിക മത്സ്യമാര്‍ക്കറ്റും അനുബന്ധ സംവിധാനങ്ങളും സംരക്ഷിക്കാൻ ആളില്ല.

ഒമ്പത് സ്റ്റാളുകൾ ചില്ലറ വിൽപനക്കാർ ലേലത്തിനെടുത്തിരുന്നു. മാർക്കറ്റിൽ കച്ചവടം നടത്തിയിരുന്ന ഭൂരിപക്ഷം പേരും പക്ഷേ, കച്ചവടം അവസാനിപ്പിച്ച് മറ്റിടങ്ങൾ തേടിപോയി. മത്സ്യം വാങ്ങാൻ ആളുകളെത്താത്തതിനെ തുടർന്നാണിവർ ഇവിടം വിട്ടത്. അതേസമയം, സ്റ്റാളുകൾ അവരവരുടെ പേരുകളിൽ നിലനിർത്തി. ഇത് മൊത്ത കച്ചവടക്കാരാണ് ഉപയോഗിച്ചുവരുന്നത്. ആധുനിക മത്സ്യമാർക്കറ്റിൽ അധികം സ്റ്റാളുകളും ഉപയോഗവും സംരക്ഷണവുമില്ലാതെ വെറുതെ കിടക്കുകയാണ്.

കെട്ടിടവും മറ്റും ഒരുക്കിയെങ്കിലും ആവശ്യമായ ഫ്രീസർ സംവിധാനം ഒരുക്കിയിരുന്നില്ല. മലിനജലം സംസ്കരിച്ച് ശുദ്ധജലമാക്കി മാറ്റുന്ന സംവിധാനത്തിനും ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. ഈ സംവിധാനവും പ്രവർത്തന രഹിതമാണ്. ടൗണിന്റെ വിവിധ ഭാഗങ്ങളിൽ കച്ചവടം നടത്താൻ കച്ചവടക്കാർ തുടങ്ങിയതോടെയാണ് മത്സ്യം വാങ്ങാൻ മാർക്കറ്റിലേക്ക് അധികമാരും എത്താതായത്.

75 ലക്ഷം രൂപ ചെലവഴിച്ചാണ് മാര്‍ക്കറ്റിന്‍റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഉദ്ഘാടനശേഷം ഏതാനും മാസക്കാലം ആറോളം പേര്‍ ഇവിടെ കച്ചവടം നടത്തിയിരുന്നു. മാള ടൗണ്‍ വൃത്തിയുള്ളതാക്കുക എന്ന ലക്ഷ്യവും ആധുനിക മത്സ്യ മാര്‍ക്കറ്റിന്റെ ലക്ഷ്യമാണ്. ടൗണില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മത്സ്യകച്ചവടം പഞ്ചായത്ത് നിരോധിക്കുകയും ചെയ്തിരുന്നു. അമിതവാടകയും വർധിച്ച വൈദ്യുതി ചാര്‍ജുമാണ് കച്ചവടക്കാരെ അകറ്റിയതെന്ന് അഭിപ്രായമുണ്ട്.

Tags:    
News Summary - Modern Fish Market-there is no traders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.