ആദിവാസി വയോധികയുടെ തിരോധാനം; കാട്ടിലെ തെരച്ചിൽ നിർത്തി
അതിരപ്പിള്ളി: വാച്ചുമരം ആദിവാസി കോളനിയിലെ വയോധികയെ കാണാതായ സംഭവത്തിൽ ഒരാഴ്ചയെത്തിയതോടെ പൊലീസും വനപാലകരും കാട്ടിലുള്ള തെരച്ചിൽ അവസാനിപ്പിച്ചു. കോളനിയിലെ കൃഷ്ണൻകുട്ടിയുടെ ഭാര്യ അമ്മിണിയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് കാണാതായത്.
ഇവരെ കണ്ടെത്താൻ ഒരാഴ്ചയോളം കാര്യക്ഷമമായ തെരച്ചിൽ വനപാലകരും പൊലീസും ആദിവാസികളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. കാണാതായ ദിവസം തന്നെ കോളനിവാസികൾ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാവാത്തതുകൊണ്ടാണ് മലക്കപ്പാറ പൊലീസിൽ പരാതി നൽകിയത്.
തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ പൊലീസ്, വനപാലകർ, കോളനി അംഗങ്ങൾ എന്നിവർ ചേർന്ന ആറ് സ്ക്വാഡുകളായി കാട്ടിൽ അരിച്ചു പെറുക്കിയെങ്കിലും ഒരു വിവരവും കിട്ടിയില്ല. തുടർന്ന് വ്യാഴാഴ്ച ഡോഗ് സ്ക്വാഡും തെരച്ചിൽ നടത്തി.
വെള്ളിയാഴ്ച ചീഞ്ഞ മാംസഗന്ധം തിരിച്ചറിഞ്ഞ് കണ്ടെത്താൻ കഴിവുള്ള പ്രത്യേക നായ്ക്കളെയും കൊണ്ടുവന്ന് പരിശോധന നടത്തിയിരുന്നു. ഈ അന്വേഷണത്തിലും ഒരു തുമ്പും കിട്ടിയില്ല.
കാടിനുള്ളിൽ ആറ് കിലോമീറ്റർ ചുറ്റളവിലാണ് പ്രധാനമായും തെരച്ചിൽ നടന്നത്. അതിനപ്പുറം കാട്ടിലെ ചെങ്കുത്തായ മേഖലയാണ്. കഷ്ടിച്ച് രണ്ട് കിലോമീറ്ററിനപ്പുറത്തേക്ക് നടന്നുപോകാനുള്ള ആരോഗ്യശേഷി രക്തസമ്മർദവും മറ്റ് വാർധക്യ സഹജമായ അസുഖങ്ങളും ഉള്ള ഇവർക്ക് ഇല്ല.
വാച്ചുമരം കോളനിയിലെ കാടർ വിഭാഗത്തിൽ പെട്ട അമ്മിണി തിങ്കളാഴ്ച ഉച്ചയോടെയാണ് വിറക് ശേഖരിക്കാൻ കാട്ടിലേക്ക് പോയത്. കൂടെ ആരും ഉണ്ടായിരുന്നില്ല. ഇവർ കുറച്ചുനേരം കഴിഞ്ഞ് തിരിച്ചുവന്നതായി പറയുന്നുണ്ട്. എന്നാൽ, കോടാലി കാട്ടിൽ മറന്നുവെച്ചുവെന്ന് പറഞ്ഞ് വീണ്ടും കാട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നുവത്രേ. ഇവരുടെ വടിയും കോടാലിയും പിന്നീട് കാട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു.
കാട്ടുമൃഗങ്ങൾ ധാരാളമായുള്ള പ്രദേശമായതിനാൽ പുലിയോ കടുവയോ ഇവരെ ആക്രമിച്ചിട്ടുണ്ടാകാമെന്ന് സംശയം ഉയർന്നിരുന്നു. പക്ഷേ, ഇവരുടെ വസ്ത്രമോ ശരീര ഭാഗങ്ങളോ കണ്ടെത്തുമായിരുന്നു. ഇതോടെ ഇവരുടെ തിരോധാനം ദുരൂഹതയായി മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.