വിയ്യൂർ ജില്ല ജയിലിലെ തോട്ടത്തിൽ വിളവെടുത്ത ‘ആനക്കൊമ്പൻ’ നേന്ത്രവാഴക്കുല
തൃശൂർ: ഒരടി നീളമുള്ള 37 കായകൾ. ഓരോന്നിനും അര കിലോഗ്രാമിലധികം തൂക്കം. ഇങ്ങനെ മൂന്ന് പടല മാത്രമുള്ള കുലയുടെ തൂക്കം 18 കിലോയിലധികം. വിയ്യൂർ ജില്ല ജയിൽ വളപ്പിലെ കൃഷിത്തോട്ടത്തിൽ വിളഞ്ഞ 'ആനക്കൊമ്പൻ' എന്ന നേന്ത്രനാണ് ഈ 'കുലകൊമ്പൻ'. കൃഷിയിടത്തിലെ ആനക്കൊമ്പന്മാരെല്ലാം വിളഞ്ഞു.
'സാൻസിബാർ' ഇനത്തിൽപ്പെട്ടതാണ് ഈ വാഴ. ജയിലിലെ വാഴത്തോട്ടത്തിൽ ഈയിനത്തിലുള്ള 20 വാഴകളുണ്ട്. ഒരു ഏക്കറിലധികം സ്ഥലത്താണ് ജയിലിലെ കൃഷിത്തോട്ടം. കപ്പ, ചേന, ചേമ്പ്, വാഴ, ചീര, മഞ്ഞൾ, ഇഞ്ചി, വിവിധ ഇനത്തിലുള്ള മുളകുകൾ എന്നിവ കൃഷി ചെയ്യുന്നുണ്ട്. ജൈവ രീതിയിലാണ് കൃഷി. മാസം 15,000ലധികം രൂപയുടെ പച്ചക്കറി ഇവിടെ ഉൽപാദിപ്പിച്ച് ജയിൽ കാന്റീനിലേക്ക് നൽകുന്നുണ്ട്. ജയിൽ ഭക്ഷണത്തിൽ ആഴ്ചയിൽ മൂന്നു ദിവസം പ്രാതലിന് റവ ഉപ്പുമാവും പഴവുമാണ്.
ഇപ്പോൾ വിളവെടുത്ത ആനക്കൊമ്പനും ഈ ആഴ്ചയിലെ പ്രാതലിനൊപ്പം അന്തേവാസികൾക്കുള്ളതാണ്. ഓഫിസിന് മുന്നിൽ മുന്തിരിപ്പന്തലും താമരക്കുളവുമുണ്ട്. ഔഷധോദ്യാനവും ശലഭോദ്യാനവും ഉടൻ സജ്ജമാവും. കൃഷിയിൽ താൽപര്യമുള്ള ഉദ്യോഗസ്ഥരായ വി.വി. സുരേഷ്, ശിവദാസൻ, ഷമീർ, സുധീർ, റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി. സെൻട്രൽ ജയിലിലും കൃഷിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.