ഡോ. ​അ​ബ്ദു​ൽ അ​സീ​സ്

ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം: ചൂട്ടുവെട്ടത്തിൽ വന്ന ദൈവതുല്യൻ; എടക്കഴിയൂരിന്റെ സ്വന്തം അസീസ് ഡോക്ടർ

ചാവക്കാട്: വൈദ്യുതി വെളിച്ചമോ ആധുനിക ഗതാഗത സൗകര്യങ്ങളോ ഇല്ലാതിരുന്ന ഒരു കാലം. ഇരുട്ടുനിറഞ്ഞ ഇടവഴികളിൽ ആകെയുള്ളത് ഒരു ടോർച്ചിന്റെയോ അല്ലെങ്കിൽ ചൂട്ടിന്റെയോ ഇത്തിരിവെട്ടം മാത്രം. അർധരാത്രിയിൽ എപ്പോഴോ ഒരു കിടപ്പുരോഗിക്ക് ശ്വാസം മുട്ടുന്നു, അല്ലെങ്കിൽ ഗർഭിണി പ്രസവവേദന കൊണ്ട് പുളയുന്നു. അങ്ങനെയുള്ള നിമിഷങ്ങളിൽ ആ തീരദേശ ഗ്രാമങ്ങൾ ഒരു മാലാഖയെപ്പോലെ കാത്തിരുന്ന ഒരേയൊരു മുഖമുണ്ടായിരുന്നു -ഡോ. അബ്ദുൽ അസീസ്.

രാപകൽ വ്യത്യാസമില്ലാതെ, പുഴ നീന്തിക്കടന്നും വഞ്ചിയിൽ സഞ്ചരിച്ചും നടന്നും രോഗികളുടെ അടുത്തേക്ക് ഓടിയെത്തിയിരുന്ന അദ്ദേഹം വെറുമൊരു ഡോക്ടർ മാത്രമല്ല, എടക്കഴിയൂരുകാർക്ക് ജീവന്റെ കാവലാളായിരുന്നു. എറണാകുളം ജില്ലയിലെ വേലൂർ സ്വദേശിയായ അസീസിന്റെ കുട്ടിക്കാലം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. തന്റെ എട്ടാം വയസ്സിൽ തന്നെ ഉപ്പയും ഉമ്മയും നഷ്ടപ്പെട്ടു. പിന്നീട് ജ്യേഷ്ഠന്മാരുടെ തണലിലും സ്നേഹത്തിലുമാണ് അദ്ദേഹം വളർന്നത്. കഷ്ടപ്പാടുകൾക്കിടയിലും പഠിച്ച് എം.ബി.ബി.എസ് ബിരുദം നേടി. അനാഥത്വത്തിൽ നിന്നും ആതുരസേവനത്തിലേക്കെത്തിയ അദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കെയാണ്‌, തന്റെ മുപ്പതാം വയസ്സിൽ 1976 ഒക്ടോബറിൽ എടക്കഴിയൂരിൽ എത്തുന്നത്.

പുന്നയൂർ പഞ്ചായത്തിലെയും ചാവക്കാട് മുനിസിപ്പാലിറ്റിയിലെയും തീരമേഖലയിലുള്ള സാധാരണക്കാരുടെ വലിയൊരു ആശ്രയമായി ഡോക്ടർ മാറി. എടക്കഴിയൂർ ജുമാഅത്ത് പള്ളിക്കടുത്തുള്ള കെട്ടിടത്തിന്റെ മുകളിലായിരുന്നു രോഗീ പരിശോധന. പിന്നീട് പഞ്ചവടിയിൽ സ്വന്തമായി സ്ഥലവും വീടും വാങ്ങി അവിടെ താമസമാക്കി. വിവാഹം കഴിഞ്ഞ് ഒന്നര വർഷത്തിനകം തന്നെ ഭാര്യ അസ്മയോടൊപ്പം അദ്ദേഹം പൂർണമായും എടക്കഴിയൂരുകാരനായി. ആതുരസേവന രംഗത്ത് അരനൂറ്റാണ്ട് തികക്കുന്ന ഡോ. അസീസ് എടുത്ത പ്രസവങ്ങൾക്കും നടത്തിയ സുന്നത്ത് കർമത്തിനും കണക്കില്ല. അക്കാലത്ത് വീടുകളിലെ പ്രസവം സാധാരണയായിരുന്നു. കനോലി കനാലിനപ്പുറമുള്ള അവിയൂർ ഗ്രാമത്തിൽ നിന്ന് അർധരാത്രിയിൽ ആരെങ്കിലും വിളിച്ചാൽ ഡോക്ടർക്ക് മുന്നിൽ പുഴയൊരു തടസ്സമായിരുന്നില്ല. ജീവനറ്റേക്കാവുന്ന ആതുരസ്ഥിതിയിൽ പുഴ നീന്തിക്കടന്നുപോലും അദ്ദേഹം രോഗികളുടെ അരികിലെത്തി.

അരനൂറ്റാണ്ടിനിപ്പുറവും അസീസ് ഡോക്ടർ തന്റെ മൂല്യങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. ഇന്നും അദ്ദേഹം വരുന്ന രോഗികളോട് ഫീസ് ചോദിച്ചുവാങ്ങാറില്ല. രോഗികൾ സന്തോഷത്തോടെ നൽകുന്നത് എന്താണോ, അത് അദ്ദേഹം പുഞ്ചിരിയോടെ സ്വീകരിക്കുന്നു. ഡോക്ടറുടെ രണ്ടു മക്കളിൽ മൂത്തയാൾ എൻജിനീയറിങ് പൂർത്തിയാക്കിയ ശേഷം എറണാകുളം കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്നു. രണ്ടാമത്തെ മകൻ പിതാവിന്റെ വഴിയിലൂടെ സഞ്ചരിച്ച് തൃശ്ശൂർ എലൈറ്റ് ഹോസ്പിറ്റലിൽ ജനറൽ സർജനായി സേവനമനുഷ്ഠിക്കുന്നു. 

Tags:    
News Summary - National Doctors' Day Edakkhazhiyoor's own Aziz Doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-21 08:22 GMT