ഫല വൃക്ഷ കൃഷിയുമായി ചാലിശേരി ജിജു
പെരുമ്പിലാവ്: കൃഷിയെ ജീവിതത്തിന്റെ ഭാഗമായി മാത്രമല്ല, സന്തോഷത്തിന്റെയും സംതൃപ്തിയുടെയും ഉറവിടമായും കാണുകയാണ് ചാലിശ്ശേരി പുലിക്കോട്ടിൽ ജിജു. പഴങ്ങളുടെ പോഷക മൂല്യം, ആരോഗ്യ ഗുണങ്ങൾ, പ്രകൃതി സൗഹൃദ ഭക്ഷണശീലം എന്നിവയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി 2007 മുതൽ ലോകമെമ്പാടും ജൂലൈ ഒന്ന് അന്താരാഷ്ട്ര പഴദിനമായി ആചരിക്കുമ്പോൾ ഈ ദിനത്തിന്റെ സന്ദേശം ജീവിതത്തിൽ പകർത്തി ജിജു തന്റെ കൃഷിയിടത്തിൽ അപൂർവ ഫലവൃക്ഷങ്ങളുടെ സമ്പന്ന ലോകമാക്കി മാറ്റുന്നു. നാല് പതിറ്റാണ്ടു മുൻപ് കച്ചവടവുമായി എറണാകുളത്തേക്ക് കുടിയേറിയ ഇദ്ദേഹം വടുതല ഗ്രീൻ ഗാർഡനിൽ താമസമാക്കിയ ശേഷം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി കൃഷിരംഗത്ത് സജീവമാണ്.
അമ്പത്തിയേഴാം വയസ്സിലും യുവത്വത്തിന്റെ ആവേശത്തോടെ കൃഷിയെ സ്നേഹിക്കുന്ന അദ്ദേഹം ഇന്ന് അപൂർവ ഫലവൃക്ഷങ്ങളുടെയും പച്ചക്കറികളുടെയും വൈവിധ്യമാർന്ന ശേഖരം ഒരുക്കുകയാണ്. ചാലിശ്ശേരിയിലെ പ്രമുഖ കർഷകനായിരുന്ന പിതാവ് പുലിക്കോട്ടിൽ കുഞ്ഞന്റെ കൈപിടിച്ചാണ് കൃഷിയുടെ ആദ്യപാഠങ്ങൾ പഠിച്ചത്. ബാല്യത്തിൽ പിതാവിനൊപ്പം വയലുകളിലും പറമ്പുകളിലും ചെലവഴിച്ച നിമിഷങ്ങളാണ് പിന്നീട് കൃഷിയോടും പ്രകൃതിയോടുമുള്ള സ്നേഹമായി വളർന്നത്. നഗരത്തിലെ മൂന്നിടങ്ങളിലായി അരയേക്കർ സ്ഥലത്താണ് ജിജുവിന്റെ കൃഷി സാമ്രാജ്യം വ്യാപിച്ചുകിടക്കുന്നത്.
സ്വദേശിയും വിദേശിയുമായ വിവിധ ഇനം റംബൂട്ടാൻ, മംഗോസ്റ്റിൻ, 15-ൽ അധികം ഇനം മാവുകൾ, പത്തിലധികം ഇനം പ്ലാവുകൾ, ചാമ്പക്ക, അരിനെല്ലി, പേര, സപ്പോട്ട, നാരകം, 15-ഓളം ഇനം തെങ്ങുകൾ, അമ്പഴം, വെളുത്ത ചാവൽപ്പഴം, കശുമാങ്ങ, ചെറുനാരങ്ങ തുടങ്ങിയ ഫലവൃക്ഷങ്ങൾ ഇവിടെ സമൃദ്ധമായി വളരുന്നു. ഒരുകാലത്ത് രാജ കൊട്ടാര വളപ്പുകളിൽ മാത്രം കൃഷി ചെയ്യാൻ അനുമതിയുണ്ടായിരുന്ന കെപ്പൽ, ഒരു പഴം കഴിച്ചാൽ ഏകദേശം രണ്ട് മണിക്കൂർ വരെ പുളിയുള്ള ഭക്ഷണങ്ങൾ പോലും മധുരമായി അനുഭവപ്പെടുന്ന മിറാക്കിൾ ഫ്രൂട്ട്, പ്രമേഹരോഗികൾക്ക് ഗുണകരമെന്ന് കരുതപ്പെടുന്ന മംഗോട്ടദേവ, മുള്ളാത്ത, ജംബോട്ടിക്ക, ബനാന മാങ്ങ, മൾബറി, പൂച്ചപ്പഴം, ക്രാബ് ആപ്പിൾ, ഓറഞ്ച്, ബുഷ് ഓറഞ്ച് ,മുന്തിരി, സാൻട്രോൾ ഫ്രൂട്ട്, ലൻസിയം ഡൊമസ്റ്റിക്കം കുടുംബത്തിൽ പെട്ട ഡുകോങ് പഴങ്ങൾ , അഭിയൂ പഴം തുടങ്ങി കൗതുകമുണർത്തുന്ന നിരവധി ഇനങ്ങൾ അദ്ദേഹത്തിന്റെ തോട്ടത്തിലെ അപൂർവ പഴങ്ങളാണ്. ഫലവൃക്ഷങ്ങൾക്കൊപ്പം പച്ചക്കറി കൃഷിയിലും ജിജു ശ്രദ്ധേയനാണ്. പത്തിലധികം ഇനം വാഴകൾ, വെണ്ട, വഴുതന, പയർ, തക്കാളി, വിവിധ ഇനം മുളകുകൾ, കുരുമുളക്, ഓമക്കായ, കടച്ചക്ക എന്നിവയും തോട്ടത്തിൽ സമൃദ്ധമായി വളരുന്നു.
പഴവർഗങ്ങൾ, പച്ചക്കറികൾ, തെങ്ങ് എന്നിവക്കൊപ്പം 300ഓളം വാഴകളും കൃഷി ചെയ്യുന്നുണ്ട്. സ്വന്തമായി ഉൽപാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് മുമ്പ് ദേവാലയങ്ങളിൽ ആദ്യ ഫല ശേഖരമായി സമർപ്പിക്കുക പതിവാണ്. പിന്നീട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയൽവാസികൾക്കും പങ്കുവെക്കുന്നതിലാണ് കൂടുതൽ സന്തോഷം കണ്ടെത്തുന്നത്. ജൈവ സൗഹൃദ കൃഷി രീതികളാണ് ജിജു പിന്തുടരുന്നത്. കൃഷിയോടുള്ള ഈ അർപ്പണബോധത്തിന് കരുത്താകുന്നത് സഹധർമിണി ബിന്ദുവും മക്കളായ ബിസ്‌നി , ജിസ്നി എന്നിവരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.