പെരുമ്പിലാവ്: സംസ്ഥാന പാതയിലെ പ്രധാന ജങ്ഷനായ താഴത്തെ അക്കിക്കാവിൽ അപകടങ്ങൾ ആവർത്തിക്കുന്നതിനാൽ സുരക്ഷ സംവിധാനങ്ങൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ട്രാഫിക് സിഗ്നൽ പ്രവർത്തിക്കാതെയായിട്ട് രണ്ട് വർഷം പിന്നിട്ടു. ഇതോടെ അപകടങ്ങൾ പതിവ് കാഴ്ചയായി. തൃശൂർ-കടവല്ലൂർ റോഡ് നവീകരണ പ്രവൃത്തികൾ ഏറെക്കുറെ പൂർത്തിയായിട്ടും വർഷങ്ങളായി പ്രവർത്തനരഹിതമായ സിഗ്നൽ ലൈറ്റുകൾ പുനഃസ്ഥാപിക്കാൻ അധികാരികൾ തയാറാകുന്നില്ലെന്ന നാട്ടുകാരുടെ പരാതി നിലനിൽക്കുകയാണ്.
സീബ്രാ ക്രോസിങ്, മുന്നറിയിപ്പ് ബോർഡുകൾ, വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്ന സംവിധാനങ്ങൾ, സി.സി ടി.വി കാമറകൾ, രാത്രികാല സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തത് അപകടസാധ്യത വർധിപ്പിക്കുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം പുലർച്ചെ അക്കിക്കാവിൽ ലോറിയിടിച്ച് 24 കാരനായ ഇരുചക്രവാഹന യാത്രികൻ മരിച്ച സംഭവം പ്രദേശത്തെ നടുക്കി. റോഡിൽ കിടന്ന് രക്തം വാർന്നാണ് യുവാവ് മരിച്ചത്. അതിന്റെ ഞെട്ടൽ മാറും മുമ്പാണ് ചൊവ്വാഴ്ച രാത്രി കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസ് റോഡരികിലെ പൂട്ടിക്കിടന്ന കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഡ്രൈവർ മരിച്ചത്. കണ്ടക്ടർ ഉൾപ്പെടെ യാത്രക്കാരായ എട്ട് പേർക്ക് പരിക്കേറ്റു.സംസ്ഥാനപാതയും ബൈപാസ് റോഡും സംഗമിക്കുന്ന അക്കിക്കാവ് ജങ്ഷൻ പ്രദേശത്തെ ഏറ്റവും തിരക്കേറിയ കേന്ദ്രങ്ങളിലൊന്നാണിത്. ആരാധനാലയങ്ങൾ, സ്വകാര്യ ഡെന്റൽ കോളജ്, എൻജിനിയറിങ് കോളജ്, ബി.എഡ് കോളജുകൾ, വനിത കോളജ്, രജിസ്ട്രാർ ഓഫിസ് തുടങ്ങി നിരവധി വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ജങ്ഷനിൽ ദിവസേന നൂറുകണക്കിന് വിദ്യാർഥികളും ജീവനക്കാരും ഭക്തജനങ്ങളും കാൽനടയായും മറ്റുമായി എത്തുന്നുണ്ട്.
കോഴിക്കോട് ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ അക്കിക്കാവ് ഹൈസ്കൂൾ കഴിഞ്ഞാലുള്ള ഇറക്കമായതിനാൽ പല വാഹനങ്ങളും അതിവേഗത്തിൽ എത്തുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടി.
ജങ്ഷനിൽ വേഗനിയന്ത്രണ സംവിധാനങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ നാളിതുവരെ സ്ഥാപിച്ചിട്ടുമില്ല. കൂടാതെ വഴിവിളക്കുകൾ പോലും വേണ്ടത്ര ഇല്ലാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.