തൃശൂർ: അട്ടപ്പാടിയിലെ വനഭൂമി കൈയേറ്റത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി മാരിമൂപ്പൻ. ആടുവളർത്തി ജീവിക്കുന്ന മാരിമൂപ്പന് സ്വന്തമായി 15 ഏക്കറിലധികം ഭൂമിയുണ്ട്. കീരിപ്പതി, പാപ്പി കുണ്ടിൽ മൂപ്പന്റെ ഭൂമിയുടെ അതിര് പങ്കിടുന്നത് വനഭൂമിയോടാണ്. ഇവിടെ സ്ഥിരമായി ആനയിറങ്ങുന്ന ഭൂമിയാണ്.
മൂപ്പന്റെ ഭൂമിയോട് ചേർന്ന് വനംവകുപ്പിന്റെ ജണ്ട കെട്ടിയിരുന്നു. മൂപ്പന്റെ ഭൂമിയും വനഭൂമിയുമല്ലാതെ മറ്റാർക്കും അവിടെ ഭൂമിയില്ല. ജണ്ട കെട്ടിത്തിരിച്ച ഭൂമിയിൽ കഴിഞ്ഞ രണ്ട് ദിവസമായി യന്ത്രങ്ങളുപയോഗിച്ച് കാടുവെട്ടി വെട്ടിത്തെളിക്കുന്നു. വനത്തിനകത്തുകൂടിയുള്ള മണ്ണ് വഴി മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് വിശാലമായ റോഡ് ആക്കി. ആനകളും പുലിയും കരടിയും സ്ഥിരമായ വരുന്ന വനഭൂമിയാണിത്.
ഇവിടെ വനഭൂമി ചില സ്വാകര്യ വ്യക്തികൾക്ക് വനംവകുപ്പ് എൻ.ഒ.സി അനുവദിച്ചുവെന്നാണ് പരാതിയിൽ മൂപ്പൻ ചൂണ്ടിക്കാണിക്കുന്നത്. നിലിവിൽ ഇവിടേക്ക് വാഹനങ്ങളിൽ പുറത്ത് നിന്നുള്ളവർ വരുന്നുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് വനഭൂമി കൈയേറ്റം നടക്കുന്നതെന്നും മൂപ്പൻ പറയുന്നു.
വനം വകുപ്പ് ജണ്ട കെട്ടി തിരിച്ച വനഭൂമിയിലാണ് പുതിയ കൈയേറ്റം നടന്നിരിക്കുന്നത്. നിലവിലുള്ള ഫോറസ്റ്റ് ജണ്ടകൾ മാറ്റി സ്ഥാപിക്കുന്നതിലൂടെ വനഭൂമിയും അതിനോട് ചേർന്ന ആദിവാസി മാരിമൂപ്പന്റെ ഭൂമിയും കൈയേറ്റക്കാരുടെ പിടിയിലമരും. അട്ടപ്പാടിയിലെ സംരക്ഷിത മേഖലയിലാണ് വനം വകുപ്പ് ബോർഡ് വച്ച് ചെക്ക്പോസ്റ്റ് സ്ഥാപിച്ച് വനത്തിലൂടെ വിശാല റോഡ് നിർമാണം നടത്തുന്നത്.
ആദിവാസി ഭൂമിയും കൈക്കലാക്കാനുള്ള വാതിൽ തുറന്നിടുന്ന ഭീരരവാഴ്ചയാണ് അട്ടപ്പാടിയിലെ കോട്ടത്തറ വില്ലേജിലെ സർവേ നമ്പർ 524ൽ കാണുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നാണ് പരാതിയിൽ മാരിമൂപ്പൻ ആവശ്യപ്പെടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ തീരുമാനം കാത്തിരിക്കുകയാണ് മാരിമൂപ്പൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.