കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പാർട്ടിക്കാരുടെ കൊള്ളക്ക് 'കരുതലൊരുക്കി' സർക്കാർ

തൃശൂർ: സംസ്ഥാന സഹകരണ വകുപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പായ കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ വർഷമെത്തുമ്പോഴും കുറ്റപത്രം സമർപ്പിച്ചില്ല. സർക്കാർ നിയോഗിച്ച വിദഗ്​ധ സമിതി പ്രാഥമികാന്വേഷണത്തിൽ 350 കോടിയുടെ ക്രമക്കേട് കണ്ടെത്തിയ കേസിലാണ് സർക്കാറിന്‍റെ മെല്ലപ്പോക്ക്​.

സി.പി.എം നേതാക്കൾ പ്രതികളായ കേസായതിനാലാണ് നിസ്സംഗതയെന്നാണ് ആക്ഷേപം. ക്രൈംബ്രാഞ്ചാണ്​ കേസ് അന്വേഷിക്കുന്നത്. 2021 ജൂലൈ 14നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിറ്റേന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 14 എഫ്.ഐ.ആറുകള്‍ ഉണ്ടെങ്കിലും കുറ്റപത്രം സമര്‍പ്പിച്ചാലേ കൃത്യത വരൂ. അന്വേഷണം നടക്കുന്നുവെന്നു​ മാത്രമാണ്​ അന്വേഷണ സംഘം പറയുന്നത്​. സി.പി.എം നേതാക്കളായ ജീവനക്കാരും കമീഷൻ ഏജന്‍റുമടക്കം ആറുപേരും മുഖ്യപ്രതികളായ 11 ഭരണസമിതി അംഗങ്ങളും ജാമ്യം ലഭിച്ച് പുറത്ത് നടക്കുമ്പോൾ നിക്ഷേപകർ പെരുവഴിയിലാണ്​.

കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി സസ്പെൻഡ് ചെയ്ത സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ ഒരു വർഷമെത്തുമ്പോൾ തെളിവില്ലെന്നു പറഞ്ഞ്​ തിരിച്ചെടുത്തു. വായ്പ തട്ടിപ്പിന് പുറമെ ബാങ്കിന്‍റെ കീഴിലെ വ്യാപാര സ്ഥാപനങ്ങളിലും കോടികളുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. മാപ്രാണം, കരുവന്നൂർ, മൂർക്കനാട് സൂപ്പർ മാർക്കറ്റുകളിൽ 2020ൽ മാത്രം 1.69 കോടി തട്ടിയെന്നാണ് ഓഡിറ്റിൽ കണ്ടെത്തിയത്.

മാസ തവണ നിക്ഷേപ പദ്ധതിയിലും ഒരാളുടെത്തന്നെ പകുതിയിലേറെ ടോക്കണുകളിട്ടും കുറി നടത്തിപ്പിൽ 50 കോടിയിലേറെ രൂപയുടെയും തട്ടിപ്പ് നടന്നതായും കണ്ടെത്തിയിരുന്നു. ഒരു പണയവസ്തുവിൽ തന്നെ മൂല്യം കണക്കാക്കാതെ ലക്ഷക്കണക്കിന്​ രൂപയുടെ ഒന്നിലേറെ വായ്പ വ്യാജ രേഖകളുണ്ടാക്കി. സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയ തട്ടിപ്പിൽ സർക്കാർ ഇടപെടൽ പ്രതീക്ഷിച്ചെങ്കിലും നിക്ഷേപകരെ സഹായിക്കുന്ന ഫലപ്രദമായ നടപടിയുണ്ടായില്ല. ബാങ്ക് സ്വന്തം നിലയിൽ കുടിശ്ശിക പിരിച്ചെടുക്കലും സ്വർണപ്പണയ ലേലവുമായി പണം കണ്ടെത്തി ഞെങ്ങിഞെരുങ്ങി നീങ്ങുകയാണ്​.

നിക്ഷേപകരുടെ തുക മടക്കിനൽകി ബാങ്ക് സാധാരണ നിലയിൽ പ്രവർത്തിക്കാൻ കുറഞ്ഞത് 100 കോടി രൂപയെങ്കിലും വേണം. കുടിശ്ശിക പിരിക്കുന്നതിന്‍റെ ഭാഗമായി 28ന് 16 പേരുടെ വായ്പ ഈടുകൾ പൊതുലേലം ചെയ്യുന്നുണ്ട്​.

എന്നാൽ, ഈട് വസ്തുവിനെക്കാൾ മൂന്നിരട്ടിയിലധികം പണം തട്ടിയെടുത്തിട്ടുണ്ട്​. അതുകൊണ്ട് ലേലം എത്രമാത്രം ഉപകരിക്കുമെന്ന്​ പറയാനാവില്ല. കേസിൽ കുറ്റപത്രം പോലും നൽകാതെ തട്ടിപ്പുകാരെയും കൂട്ടുനിന്നവരെയും സംരക്ഷിക്കുകയാണ് സർക്കാറും പൊലീസും.

സസ്പെൻഷൻ പിൻവലിച്ചതിൽ നിയമപ്രശ്നം

കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടിൽ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി സസ്പെൻഡ് ചെയ്തവരെ തിരിച്ചെടുത്ത നടപടിയിൽ നിയമപ്രശ്നം. ഹൈകോടതി നിരാകരിച്ച അപേക്ഷയിലാണ് സർക്കാർ അനുമതി നൽകിയത്. ഇക്കഴിഞ്ഞ ഏപ്രിലിൽ ഹൈകോടതിയെ സമീപിച്ചപ്പോഴാണ് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്. അസി. രജിസ്ട്രാര്‍ കെ.ഒ. ഡേവീസിന്‍റെ ഹരജിയാണ് ജസ്റ്റിസുമാരായ സി.എസ്. ഡയസ്, സി. ജയചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

ഏപ്രില്‍ 30ന് സർവിസില്‍നിന്ന്​ വിരമിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഹരജിക്കാരന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കുന്ന കാര്യം പരിഗണിക്കാന്‍ കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ നേരത്തേ ഉത്തരവിട്ടിരുന്നു. ട്രൈബ്യൂണല്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഡേവീസ് ഹൈകോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

ഹൈകോടതിയും അപേക്ഷയിൽ വിസമ്മതമറിയിച്ചു. 30ന് വിരമിക്കുന്ന ഡേവിസ് അടക്കം 16 സഹകരണ വകുപ്പ് ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടികളുടെ ഭാഗമായി അന്വേഷണം തുടരുകയാണെന്നും ബാങ്ക് ഭരണസമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണെന്നും ചൂണ്ടിക്കാട്ടിയുള്ള സർക്കാറിന്‍റെ വിശദീകരണം കേട്ടായിരുന്നു കോടതി അപേക്ഷ വിസമ്മതിച്ചത്. തുടർന്നാണ് ഒരു മാസത്തിനിപ്പുറം 16 പേരുടെയും സസ്പെൻഷൻ പിൻവലിച്ച് സർക്കർ ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈകോടതി സസ്പെൻഷൻ പിൻവലിക്കാൻ വിസമ്മതിച്ച ഡേവീസിന്‍റെ ഭാഗത്തുനിന്ന്​ കൃത്യനിർവഹണത്തിൽ വീഴ്ചയില്ലെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. ഹൈകോടതി അപേക്ഷ പരിഗണിക്കാൻ വിസമ്മതിച്ച കേസിൽ സർക്കാർ അനുമതി നൽകിയത് കോടതിയെ ധരിപ്പിക്കുമെന്ന് പരാതിക്കാർ വ്യക്തമാക്കി.

Tags:    
News Summary - Karuvannur bank fraud; The government 'prepared' for the looting of the party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.