തൃ​ശൂ​ർ ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ആ​ർ​ട്ട് ഗാ​ല​റി​യി​ൽ ന​ട​ക്കു​ന്ന ‘കാ​ണാ​പ്പ​ട​വു​ക​ൾ 2026’ ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​ത്തി​ൽ​നി​ന്ന്

കാഴ്ചകളുടെ കോൾപ്പാടം; ഗാലറിയിൽ ചിറകടിച്ച് ദേശാടനപ്പക്ഷികൾ

തൃശൂർ: കോൾനിലങ്ങളുടെ ജൈവവൈവിധ്യവും അവിടെ വിരുന്നെത്തുന്ന ദേശാടനപ്പക്ഷികളുടെ വർണക്കാഴ്ചകളും ഇനി തൃശൂർ കേരള ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ കാണാം. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി എന്നാൽ കൊടുംകാടുകളിലെ കാഴ്ചകൾ മാത്രമാണെന്ന് കരുതുന്നവർക്ക് മുന്നിലേക്ക് നഗരങ്ങളോടും ഗ്രാമങ്ങളോടും ചേർന്ന് കിടക്കുന്ന കോൾപ്പാടങ്ങളിലെ വിസ്മയങ്ങൾ തുറന്നുവെക്കുകയാണ് ‘കാണാപ്പടവുകൾ 2026’ ചിത്രപ്രദർശനം. 

അന്താരാഷ്ട്ര റാംസർ പൈതൃക പട്ടികയിലുള്ള കോൾനിലങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ‘കോൾ ബേർഡേഴ്സ് കളക്ടീവ്’ കൂട്ടായ്മയുടെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് വിപുലമായ പ്രദർശനം ഒരുക്കിയത്.ഡോക്ടർമാർ, ഐ.ടി പ്രഫഷനലുകൾ, ഗവേഷകർ, വിദ്യാർഥികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരത്തിലധികം പേർ അംഗങ്ങളായ കൂട്ടായ്മയാണ് കോൾ ബേർഡേഴ്സ് കളക്ടീവ്. പ്രകൃതിയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് 10 വർഷം മുമ്പ് കൂട്ടായ്മയ്ക്ക് രൂപം നൽകിയത്. ആദ്യകാലങ്ങളിൽ കാർഷിക സർവകലാശാലയുമായി സഹകരിച്ച് പക്ഷികൾ, മത്സ്യങ്ങൾ, തുമ്പികൾ എന്നിവയുടെ സർവേകളായിരുന്നു പ്രധാനമായും നടത്തിയിരുന്നത്. പിന്നീടാണ് പക്ഷിനിരീക്ഷണത്തിലേക്കും ഫോട്ടോഗ്രഫിയിലേക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. കൂട്ടായ്മയുടെ നേതൃത്വത്തിൽ ചിത്രപ്രദർശനം തുടങ്ങിയിട്ട് ഇതിപ്പോൾ മൂന്നാം വർഷമാണ്.

പ്രഫഷനൽ, അമച്വർ ഫോട്ടോഗ്രാഫർമാരും സാധാരണക്കാരുമുൾപ്പെടെ 55ലധികം പേർ പകർത്തിയ 110ഓളം മനോഹര ചിത്രങ്ങളാണ് ഗാലറിയിലുള്ളത്. ‘ദേശാടനം’ എന്ന ആശയത്തെ മുൻനിർത്തി കോൾ നിലങ്ങളിലെത്തുന്ന ദേശാടനപ്പക്ഷികൾ, വിവിധയിനം പക്ഷികൾ എന്നിവയാണ് ഇത്തവണത്തെ പ്രദർശനത്തിലെ പ്രധാന ആകർഷണം. മുള്ളൻ പുൽക്കുരുവി, കുറിത്തലയൻ വാത്ത തുടങ്ങി കോൾപ്പാടങ്ങളിലെത്തുന്ന അപൂർവയിനം പക്ഷികളുടെ ചിത്രങ്ങൾ ആരെയും വിസ്മയിപ്പിക്കുന്നതാണ്. പക്ഷികൾക്ക് പുറമെ, കടൽജീവികളുടെയും സൂക്ഷ്മജീവികളുടെയും വിഡിയോകൾ അടങ്ങുന്ന പ്രത്യേക വിഭാഗവും പ്രദർശനത്തിലുണ്ട്. കൂടാതെ, കുപ്പികൾക്കുള്ളിൽ ചെടികൾ വളർത്തുന്ന പ്രത്യേക ടെറേറിയം സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്.

സാധാരണക്കാരിലേക്ക് പ്രകൃതിയെയും തണ്ണീർത്തട സംരക്ഷണത്തെയും കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുക എന്നതാണ് പ്രദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് കൂട്ടായ്മയുടെ സജീവ പ്രവർത്തകനായ മനോജ് കരിങ്ങാമഠത്തിൽ പറയുന്നു. പ്രദർശനത്തോടൊപ്പം ഒരു മാസം നീളുന്ന ‘കോൾ ഫെസ്റ്റിവലിനും’ തുടക്കമായിട്ടുണ്ട്. കോൾനിലങ്ങളുടെ വിവിധ ഭാഗങ്ങളിൽ ഇതിന്റെ ഭാഗമായി നിരവധി പരിപാടികൾ വരുംദിവസങ്ങളിൽ നടക്കും. 

വെറ്റ്ലാൻഡ് ലേണിങ്ങ് സെന്റർ, ബൈനോകുലേഴ്സ്, സഹ്യ ഡിജിറ്റൽ കൺസർവേഷൻ ഫൗണ്ടേഷൻ, സമഗത ഫൗണ്ടേഷൻ, ജിനോം തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ജില്ല കലക്ടർ ശിഖ സുരേന്ദ്രനാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. രാവിലെ 11 മുതൽ വൈകീട്ട് ആറ് വരെയാണ് ഗാലറിയിലേക്കുള്ള പ്രവേശനം. പ്രവേശനം സൗജന്യമാണ്. 

Tags:    
News Summary - ‘Kanapadavukal 2026’ photo exhibition at the Lalit Kala Akademi Art Gallery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.