അടച്ചിടൽ കാലത്തെ വൈദ്യുതി നിരക്കിളവ് കോർപറേഷനിലുള്ളവർക്കും

തൃശൂർ: കോവിഡ് വ്യാപനത്തെത്തുടർന്നുള്ള അടച്ചിടൽകാലത്തെ വൈദ്യുതി നിരക്കിൽ ഇളവ് നൽകാനുള്ള സർക്കാർ തീരുമാനം തൃശൂർ കോർപറേഷനിലും നടപ്പാക്കും. സംസ്ഥാനത്ത് വൈദ്യുതി വിതരണം ചെയ്യുന്ന ഏക അംഗീകൃത ലൈസൻസിയാണ് തൃശൂർ കോർപറേഷൻ.

കോവിഡ്കാല അടച്ചിടൽ കാലത്ത് പ്രതിസന്ധി കണക്കിലെടുത്താണ് വൈദ്യുതി നിരക്കിൽ ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ, സ്വതന്ത്രാധികാരമുള്ള ലൈസൻസിയാണെങ്കിലും റെഗുലേറ്ററി കമീഷൻ നിർദേശങ്ങൾക്കനുസരിച്ചും സർക്കാർ നിയന്ത്രണത്തിന് കീഴിലും പ്രവർത്തിക്കുന്നതിനാൽ തനിച്ച് തീരുമാനമെടുക്കാൻ അധികാരമില്ലാത്തതിനാൽ ഇളവ് അഭ്യർഥിച്ച് സർക്കാറിന് കത്ത് നൽകിയിരുന്നു. ഇതാണ് സർക്കാർ അംഗീകാരം നൽകി, അനുവദിക്കേണ്ട ഇളവ് ഉൾപ്പെടെ നിർദേശങ്ങളുമായി കോർപറേഷന് ഉത്തരവായി അറിയിച്ചിരിക്കുന്നത്. 2020 ഫെബ്രുവരി മുതൽ മേയ് വരെയും 2021 മേയ് മുതൽ ഒക്ടോബർ വരെയുമാണ് ഇളവ് ആനുകൂല്യം. സിനിമ തിയറ്ററുകൾക്ക് 2020 ഫെബ്രുവരി മുതൽ ഡിസംബർ വരെയും 2021 മേയ് മുതൽ ഒക്ടോബർ വരെയുമാണ് ഇളവ്. പ്രതിമാസം 40 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിച്ചുകൊണ്ടിരുന്ന 500 വാട്ടിൽ താഴെ കണക്ടഡ് ലോഡുള്ള വിഭാഗത്തിന് 2020 ഫെബ്രുവരി മുതൽ മേയ് വരെ ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ സൗജന്യമായി ലഭിക്കും.

1000 വാട്ടിൽ താഴെയുള്ള വിഭാഗത്തിന് എത്ര ഉപഭോഗം ഉണ്ടായിരുന്നാലും 150 രൂപ എന്ന നിരക്കിൽ ബില്ല് കണക്കാക്കും. 50 യൂനിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് അധിക ഉപഭോഗം മൂലം ഉണ്ടായ ബിൽ തുകയുടെ വർധനയുടെ പകുതി സബ്സിഡി നൽകും. 100 യൂനിറ്റ് വരെയുള്ള ഉപയോക്താക്കൾക്ക് അധിക ഉപഭോഗത്തിന്‍റെ ബിൽ തുകയുടെ വർധനയുടെ 30 ശതമാനവും 150 യൂനിറ്റ് വരെയുള്ളവർക്ക് 25 ശതമാനവും 150 യൂനിറ്റിന് മുകളിലുള്ളവർക്ക് ബിൽ തുകയുടെ വർധനയുടെ 20 ശതമാനവും സബ്സിഡി നൽകും.

വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും നിശ്ചിത നിരക്കിൽ ഏപ്രിൽ, മേയ് മാസങ്ങളിലെ ബില്ലിൽ 25 ശതമാനവും സിനിമ തിയറ്ററുകൾക്ക് മാർച്ച് മുതൽ ഡിസംബർ വരെയുള്ള ഫിക്സ്ഡ് നിരക്കിൽ 50 ശതമാനം ഇളവ് അനുവദിക്കും. ഈ കാലയളവിൽ ബില്ലുകൾ ഭാഗികമായോ പൂർണമായോ അടച്ചിട്ടുണ്ടെങ്കിൽ അർഹമായ ഇളവ് തുടർ ബില്ലുകളിൽ ക്രമപ്പെടുത്തും.

വാണിജ്യ വ്യവസായിക ഉപഭോക്താക്കൾക്ക് 2021 മേയിലെ നിശ്ചിത നിരക്കിൽ 25 ശതമാനവും സിനിമ തിയറ്ററുകൾക്ക് മേയ് മുതൽ ഒക്ടോബർ വരെയുള്ള നിശ്ചിത നിരക്കിൽ 50 ശതമാനവും ഇളവ് ലഭിക്കും. ഭാഗികമായോ പൂർണമായോ അടച്ചിട്ടുള്ളവരാണെങ്കിൽ തുടർ ബില്ലുകളിൽ ഇത് ക്രമപ്പെടുത്തും.

ഇളവ് സംബന്ധിച്ച് കോർപറേഷൻ വൈദ്യുതി വിഭാഗം ഉത്തരവ് പുറപ്പെടുവിക്കാനും വൈദ്യുതി റെഗുലേറ്ററി കമീഷനുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കാനും ഊർജ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.

കെ.എസ്.ഇ.ബിയിൽനിന്നും 1,27,19,800 യൂനിറ്റ് വൈദ്യുതി വാങ്ങി 1,17,26,148 യൂനിറ്റാണ് കോർപറേഷൻ വിതരണം ചെയ്യുന്നത്. 9,93,652 യൂനിറ്റ് വൈദ്യുതിയാണ് കോർപറേഷന് പ്രസരണ നഷ്ടം. 22,019 ഗാർഹിക കണക്ഷനുകളും 188 കാർഷിക കണക്ഷനുകളും 17,726 ഗാർഹീകേതര കണക്ഷനുകളും 501 വ്യവസായ കണക്ഷനുകളും 128 ഹൈടെൻഷൻ കണക്ഷനുകളുമായി 40,652 കണക്ഷനുകളാണ് കോർപറേഷൻ വൈദ്യുതി വിഭാഗത്തിനുള്ളത്. പ്രതിമാസം 10.88 കോടിയോളമാണ് വൈദ്യുതി നിരക്കിലൂടെ കോർപറേഷന് വരുമാനം.

Tags:    
News Summary - Electricity tariff reduction in Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.