അനധികൃത കെട്ടിട നിർമാണം; തൃശൂർ കോർപറേഷന് നഷ്ടമായത് 5.23 കോടി

തൃശൂർ: അനധികൃത കെട്ടിട നിർമാണത്തിൽ നടപടി സ്വീകരിക്കാത്തതിനാൽ തൃശൂർ കോർപറേഷന് നഷ്ടമായത് 5.23 കോടി രൂപയെന്ന് എ.ജിയുടെ റിപ്പോർട്ട്. മുനിസിപ്പൽ ബിൽഡിങ് ചട്ടങ്ങൾ (കെ.എം.ബി.ആർ) ലംഘിച്ച് പണികഴിപ്പിച്ച കെട്ടിടങ്ങളിൽ നിന്നാണ് പിഴ ഈടാക്കാൻ കഴിയാതെ പോയത്.

യു.എ നമ്പരിട്ട 287 എണ്ണത്തിൽ 241ൽ നിന്നുമായി 5.23 കോടി രൂപ പിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. അസംബ്ലി -ഏഴ്, കൊമേഴ്സ്യൽ- 82, റസിഡൻഷ്യൽ- 128, വിദ്യാഭ്യസം -നാല്, ഓഫിസ് -നാല്, വ്യവസായങ്ങൾ -നാല്, ആശുപത്രി-എട്ട്, മാൾ- ഒന്ന്, മൊബൈൽ ടവർ- മൂന്ന് എന്നിങ്ങനെയാണ് നികുതി അടക്കാനുള്ള സ്ഥാപനങ്ങൾ. കെ.എം.ബി.ആർ ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിക്കാത്തത് സെക്രട്ടറിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്നും റിപ്പോർട്ട് അടിവരയിടുന്നു.

2019ലെ ചട്ടം നാല് പ്രകാരം മുൻസിപ്പാലിറ്റിയിൽനിന്ന് അനുമതിയില്ലാതെ കെട്ടിടം പണിയുകയോ പുനർനിർമിക്കുകയോ വികസിപ്പിക്കുകയോ കൂട്ടിച്ചേർക്കുകയും മാറ്റം വരുത്തുകയോ ചെയ്യാനാവില്ല. ചട്ടം 17 (അഞ്ച്) പ്രകാരം ഒരു കെട്ടിടം ഉപയോഗിക്കുന്നതിനു മുമ്പ് അല്ലെങ്കിൽ അതിന്റെ ഉപയോഗം മാറ്റുന്നതിന് മുമ്പ് അപേക്ഷകൻ തദ്ദേശ സ്ഥാപനത്തിൽനിന്ന് സർട്ടിഫിക്കറ്റ് വാങ്ങൽ നിർബന്ധമാണ്.

ചട്ടം 20 പ്രകാരം കെട്ടിട നിർമാണം പൂർത്തിയായാൽ ഉടമ എൻജിനീയറുടെ സർട്ടിഫിക്കറ്റും പ്ലാനും ഡ്രോയിങ്ങുകളും സഹിതം സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കണം. അനധികൃതമായി നിർമിച്ച കെട്ടിടം പൊളിക്കാനോ നിയമാനുസൃതമായി മാറ്റങ്ങൾ വരുത്താൻ ഉടമയോട് നിർദേശിച്ചോ സെക്രട്ടറിക്ക് ഉത്തരവ് പുറപ്പെടുവിക്കാം. മാര്‍ഗനിർദേശങ്ങൾ പാലിക്കുന്നത് വരെ കെട്ടിട നിർമാണം തടയാനും സെക്രട്ടറിക്ക് അധികാരമുണ്ട്. നിയമവിരുദ്ധ നിർമാണങ്ങൾ പൊളിക്കാനും സെക്രട്ടറിക്ക് അധികാരമുണ്ട്.

കോർപറേഷൻ സെക്രട്ടറി ചട്ടം 96 അനുസരിച്ചുള്ള നടപടികൾ ഒരു കേസിലെങ്കിലും സ്വീകരിച്ചിട്ടില്ല. കോർപറേഷൻ അധിക്യതരുടെ അനാസ്ഥ അനധികൃത കെട്ടിടങ്ങൾ നിരന്തരമായി നിലനിൽക്കാനും അനുമതി നേടാതെയുള്ള പുതിയ കെട്ടിട നിർമാണങ്ങൾ വർധിക്കാനും കാരണമായി.

കെ.എം.ബി.ആർ നിബന്ധനകൾ പാലിക്കാതെയുള്ള നിർമിതിക്കൾക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കേണ്ടത് സെക്രട്ടറിയുടെ ചുമതലയും ഉത്തരവാദിത്തവുമാണ്. അത് പാലിച്ചിട്ടില്ല. 287 നിർമാണങ്ങൾ അനധികൃതമായി തുടരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. സെക്രട്ടറി നിർമാണ നിയമങ്ങൾ കർശനമായി നടപ്പാക്കാത്തതിനാൽ ചട്ടലംഘനങ്ങൾ നിർബാധം തുടരുന്നു.

Tags:    
News Summary - Illegal building construction; Thrissur Corporation lost Rs. 5.23 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.