തൃശൂർ: തൃശൂർ നഗരത്തിലും പരിസര പ്രദേശത്തും നാല് ദിവസമായിട്ടും കുടിവെള്ള വിതരണം സാധാരണനിലയിലായില്ല. ഒരു ദിവസത്തെ അറ്റകുറ്റപ്പണിയെന്ന അറിയിപ്പിലായിരുന്നു കുടിവെള്ളം മുടങ്ങിയതെങ്കിലും നാലാം ദിവസത്തിലെത്തിയിട്ടും തകരാർ പരിഹരിക്കാനായിട്ടില്ല.
കുടിവെള്ള വിതരണം കഴിഞ്ഞ ദിവസങ്ങളായി തടസപ്പെട്ടിട്ടും അടിയന്തിര പരിഹാരം ഉണ്ടാക്കുന്നതിൽ വാട്ടർ അതോറിറ്റിയും കോർപ്പറേഷനും പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ കൗൺസിലറും നഗരാസൂത്രണ കാര്യ സ്ഥിരസമിതി ചെയർമാനുമായ ജോൺ ഡാനിയൽ പറഞ്ഞു.
ഒരു ദിവസം കണക്കാക്കിയായിരുന്നു നഗരവാസികൾ വെള്ളം കരുതിയിരുന്നത്. എന്നാൽ രണ്ടും മൂന്നും ദിവസങ്ങൾ കടന്നതോടെ കരുതൽ താളം തെറ്റിയതോടെ പ്രതിഷേധത്തിലാണ് ജനങ്ങൾ. ഫ്ളാറ്റ് താമസക്കാരാണ് വലഞ്ഞത്. പൈപ്പിൽ വെള്ളമില്ല. വേണ്ടത്ര മുൻകരുതലുകൾ എടുക്കാതെയാണ് വാട്ടർ അതോറിറ്റി വെള്ളം മുടക്കിയതെന്ന ആക്ഷേപം ശക്തമാണ്.
കോർപറേഷൻ പരിധിയിൽ സ്ഥിതി രൂക്ഷമാണ് പലയിടത്തും കുടിവെള്ളം പോലുമില്ലാതെ ജനം നെട്ടോട്ടമോടുകയാണ്. കുപ്പിവെള്ളത്തെ ആശ്രയിക്കുകയാണ് ജനങ്ങൾ. കോർപറേഷൻ പരിധിയിൽ ടാങ്കറിൽ വെള്ളമെത്തിക്കാൻ മേയർ മുൻകൈ എടുക്കാത്തത് പ്രതിഷേധപരമാണെന്നും പ്രശ്ന പരിഹാരത്തിന് ജില്ല ഭരണകൂടം ഇടപെടണമെന്ന് ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.