ചേലക്കര മണ്ഡലം; വനാതിർത്തിയിൽ സൗരവേലി സ്ഥാപിക്കാൻ എം.എൽ.എ ഫണ്ടിൽനിന്ന് 40 ലക്ഷം

ചെറുതുരുത്തി: പാഞ്ഞാൾ ഉദടിഭാഗത്ത് കാട്ടാന ശല്യം ജനങ്ങളുടെ സ്വൈരജീവിതം നശിപ്പിക്കുന്നത് പതിവായതോടെ വിഷയത്തിൽ ഇടപെട്ട് എം.എൽ.എ. ഇതുസംബന്ധിച്ച മാധ‍്യമ വാർത്തകളെത്തുടർന്ന് യു.ആർ. പ്രദീപ് എം.എൽ.എ ചേലക്കര നിയോജക മണ്ഡലത്തിലെ വനാതിർത്തിയിൽ സൗരവേലി സ്ഥാപിക്കാൻ എം.എൽ.എ ഫണ്ടിൽനിന്ന് 40 ലക്ഷം രൂപ അനുവദിച്ചു.

ഇതുസംബന്ധിച്ച് എം.എൽ.എ കലക്ടർക്ക് കത്തുനൽകി. മണ്ഡലത്തിലെ മണ്ണാത്തിപ്പാറ മുതൽ വാഴക്കോട് പട്ടാണിക്കാട് വരെയുള്ള 15 കിലോമീറ്റർ നീളത്തിലാണ് ഇനി സൗരവേലി നിർമിക്കാനുള്ളത്. പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയാറാക്കി കലക്ടർക്ക് നൽകാൻ തൃശൂർ വനം ഡിവിഷനൽ ഓഫിസർക്ക് എം.എൽ.എ നിർദേശം നൽകി.

പഴയന്നൂർ പഞ്ചായത്തിലെ തിരുമണി വാഴോട് മുതൽ മണ്ണാത്തിപ്പാറ വരെയും എടപ്പാറ ഉന്നതി മുതൽ തായംകാട് നായാടി ഉന്നതി വരെയുമുള്ള 30 കിലോമീറ്റർ ഭാഗത്ത് 75.52 ലക്ഷം രൂപ വിനിയോഗിച്ച് സൗരവേലി ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന 15 കിലോമീറ്റർ കൂടി സൗരവേലി സ്ഥാപിക്കാനാണ് എം.എൽ.എ ഫണ്ടിൽനിന്ന് 40 ലക്ഷം രൂപ അനുവദിക്കുന്നത്.

കാട്ടാന ജനവാസ മേഖലയിലിറങ്ങി നിരന്തരം കൃഷി നശിപ്പിക്കുന്നത് മൂലം ജനങ്ങൾ വലിയ ഭീതിയിലും ആശങ്കയിലുമാണ്. സൗരവേലി നിർമാണം പൂർത്തീകരിച്ചാൽ കാട്ടാന ജനവാസ മേഖലയിലിറങ്ങുന്നത് പരിഹരിക്കാനാകും. കുതിരാൻ തുരങ്ക നിർമാണം പൂർത്തീകരിച്ച് അതിലൂടെ വാഹന ഗതാഗതം ആരംഭിച്ചത് മുതലാണ് പഴയ റോഡിലൂടെ കാട്ടാനയും മറ്റു വന്യജീവികളും പീച്ചി വനമേഖലയിൽനിന്ന് വാഴാനി-മച്ചാട് വനമേഖലയിലേക്ക് യഥേഷ്ടം കടന്നുവരാൻ തുടങ്ങിയത്.

ഇതുമൂലമാണ് മുള്ളൂർക്കര, പാഞ്ഞാൾ, ചേലക്കര തുടങ്ങിയ പഞ്ചായത്തുകളിലെ വനാതിർത്തി പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായത്. ഇതേത്തുടർന്ന് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ തൃശൂർ അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം എളനാട് ഫോറസ്റ്റ് ഓഫിസ് ഹാളിൽ യു.ആർ. പ്രദീപ് എം.എൽ.എ കഴിഞ്ഞദിവസം വിളിച്ചുചേർത്തിരുന്നു. ഈ യോഗ തീരുമാനങ്ങളിൽ ഒന്നായിരുന്നു ശേഷിക്കുന്ന ഭാഗത്തുകൂടി സൗരവേലി നിർമാണം അടിയന്തരമായി പൂർത്തീകരിക്കുക എന്നത്.

വനപാലകർക്ക് വേഗത്തിൽ വന്യജീവി സംഘർഷ മേഖലകളിൽ ഓടിയെത്താൻ എം.എൽ.എ ഫണ്ടിൽനിന്ന് 13.5 ലക്ഷം രൂപ വിനിയോഗിച്ച് ബൊലേറോ ക്യാമ്പർ വാഹനവും എളനാട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കഴിഞ്ഞ ദിവസം അനുവദിച്ചുനൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.

Tags:    
News Summary - Chelakkara constituency; 40 lakhs from MLA fund to install solar fence on forest boundary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.