തൃശൂര്‍: നിലപാടുകളുടെ രാജകുമാരനാണ് താനെന്ന് പറയുന്ന മുഖ്യമന്ത്രി വി.ഡി സതീശന് യാതൊരു നിലപാടുമില്ലാത്ത പൊള്ളത്തരങ്ങളുടെ രാജകുമാരനാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.ജി ശിവാനന്ദന്. പി.എം ശ്രീ വിഷയത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ മണ്ഡലം കമ്മിറ്റി താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ ഏതുവിധേനയും അധികാരത്തിലെത്താന്‍ പച്ചക്കള്ളങ്ങള്‍ മാത്രം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു വി.ഡി സതീശന്. അധികാരം ലഭിച്ചതോടെ പറഞ്ഞതെല്ലാം വിഴുങ്ങുകയും പുതിയ കള്ളങ്ങള്‍ കണ്ടെത്തുകയും ചെയ്യുകയാണ്. സതീശന്റെ ഒരു കാൽ ആർ.എസ്.എസിന്റെ വള്ളത്തിലും മറ്റേ കാൽ യു.ഡി.എഫിന്റെ വള്ളത്തിലുമാണ്.
ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്നതിന്റെ ആദ്യപടിയാണ് പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കാനുള്ള നീക്കം. കഴിഞ്ഞ എൽ.ഡി.എഫ് സര്‍ക്കാര്‍ ഇതിന്റെ പിന്നിലെ ഗൂഢാലോചന മനസ്സിലാക്കി പദ്ധതി കേരളത്തില്‍ നടപ്പാക്കേണ്ടതില്ല എന്ന നിലപാടെടുത്തു. തങ്ങള്‍ അധികാരത്തിലേറിയാല്‍ ആദ്യം ചെയ്യുക പി.എം ശ്രീ പദ്ധതി അറബിക്കടലില്‍ എറിയുകയായിരിക്കുമെന്ന് പറഞ്ഞ മുസ് ലീംലീഗിന്റെ വിദ്യാഭ്യാസമന്ത്രി മുഖ്യമന്ത്രിക്കൊപ്പം ചേര്‍ന്ന് അതിവേഗം പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിലാണെന്നും കെ.ജി ശിവാനന്ദന് പറഞ്ഞു. അസി. സെക്രട്ടറി ടി. ഗോപിദാസ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പി. ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷ് കെ.ബി സ്വാഗതവും സി.ആർ റോസിലി നന്ദിയും പറഞ്ഞു. ടി.ആർ അനിൽകുമാർ, ഐ. സതീഷ് കുമാർ, റോയ് കെ. പോൾ, കെ.എൻ രഘു, ശാന്ത അപ്പു, ജി.എം അഖിൽ, ജയമോഹനൻ, അജയഘോഷ്, ഷാജു കുണ്ടോളി, ഇബ്രാഹിം ടി.കെ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.