കുന്നംകുളം: സംസ്ഥാനപാതയിലെ പാറേമ്പാടത്ത് സ്വകാര്യ ബസ് ഉണ്ടാക്കിയ അപകടത്തിൽ നടുങ്ങി നാട്. ഗുരുതരമായി പരിക്കേറ്റ കാണിപ്പയ്യൂർ അരിയാട്ട് തെക്കേതിൽ ജോണിന്റെ മകൻ ജോബി (39) അമല ആശുപത്രിയിലും കൊരട്ടിക്കര കള്ളിയാട്ട് നസീമ (44) അങ്കമാലി അപ്പോളോ ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇരുവരുടേയും നില ഗുരുതരമായി തുടരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
പെരുമ്പിലാവ് കാളിയത്ത് പ്ലാക്കാവിൽ മൻസൂറ (36), കറുകപുത്തൂർ അറക്കൽ റംസീന (38), പോർക്കുളം തയ്യിൽ സുരേഷ് (63), കരിക്കാട് അയ്യാട്ടിൽ ആശ(20), കൊരട്ടിക്കര സ്വദേശിനി ഹംദിയ (12), അകതിയൂർ കളരിക്കൽ അച്യുതൻ (73), തിരുവത്ര പണിക്കവീട്ടിൽ അമീന (22), പോർക്കുളം ആണ്ടിയത്ത് മോനുട്ടിയുടെ ഭാര്യ കദീജ (60), മകൻ ജിംഷാദ് (31), പെരുമ്പിലാവ് നഹിജ (47), പോർക്കുളം ചോഴിക്കുന്നത്ത് പത്മജ (51), തൃശൂർ അഞ്ചേരി ശാന്ത (65), കേച്ചേരി രായംമരക്കാർ ഷബീബ ഫാത്തിമത്ത് (17), പോർക്കുളം മുള്ളത്ത് വളപ്പിൽ നസീറ (46), പെരുമ്പിലാവ് ഷജീറ (38) എന്നിവരെ മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വല്യുമ്മയെ ഉംറക്ക് യാത്രയാക്കി ബന്ധുക്കൾക്കൊപ്പം ഈക്കോ കാറിൽ വീട്ടിലേക്ക് വരികയായിരുന്നു റിയ ഫാത്തിമ. കുന്നംകുളത്ത് ഗ്യാസ് ഏജൻസിയിൽ മസ്റ്ററിങ്ങ് കഴിഞ്ഞ് മരുമകൻ ജോബിയോടൊപ്പം അയ്യംപറമ്പിലെ വീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്നു തങ്കമണി. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന സുഹറ (അലങ്കാർ) ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ജിംഷാദിന്റെ കാറിലാണ് ആദ്യം ബസ് ഇടിച്ചത്. അപകടത്തിൽപ്പെട്ട ബൈക്ക് പൂർണമായി തകർന്നു. റിയ ഫാത്തിമയെ മലങ്കര ആശുപത്രിയിലും തങ്കമണിയെ ദയ ആശുപത്രിയിലും എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹങ്ങൾ കുന്നംകുളം പൊലീസ് ഇൻക്വസ്റ്റ് നടത്തി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം വെള്ളിയാഴ്ച രാവിലെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും.
ബസ് ഡ്രൈവർ കീഴടങ്ങി
കുന്നംകുളം: അപകടത്തിൽപ്പെട്ട സ്വകാര്യ ബസിന്റെ ഡ്രൈവർ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ചൊവ്വന്നൂർ പഴുന്നാന കറുപ്പൻ വീട്ടിൽ അബ്ദുൽ സലാമിനെ (43) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. അലങ്കാർ ട്രാവൽസിന്റെ സുഹറ ബസ് ഡ്രൈവറായിരുന്ന ഇയാൾ അപകട സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. പ്രതിക്കെതിരെ 304 വകുപ്പ് അനുസരിച്ച് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. ജാമ്യം ലഭിക്കാത്ത കുറ്റമാണ് ചുമത്തിയത്. ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള റിപ്പോട്ട് മോട്ടോർ വാഹന വകുപ്പിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.