വാടാനപ്പള്ളിയിലെ കടലാക്രമണ പ്രദേശം ജില്ല കലക്ടറും ജനപ്രതിനിധികളും നേതാക്കളും ഉദ്യോഗസ്ഥരും സന്ദർശിക്കുമ്പോൾ തിരയടിച്ച് കയറുന്നു
വാടാനപ്പള്ളി: ഒടുവിൽ വാടാനപ്പള്ളിയിലെ കടലാക്രമണ പ്രദേശം കാണാനും നാശം നേരിട്ട് മനസ്സിലാക്കാനും ജില്ല കലക്ടർ ശിഖ സുരേന്ദ്രൻ ബീച്ചിലെത്തി. സ്ഥലം എം.എൽ.എ പ്രഫ. സി. രവീന്ദ്രനാഥിന്റെ അഭ്യർഥനയെ മാനിച്ചാണ് വാടാനപ്പള്ളി ബീച്ചിലെ കടൽക്ഷോഭ മേഖല ജില്ല കലക്ടർ സന്ദർശിച്ചത്.
ചാഴൂർ മേഖലയിലെ വെള്ളക്കെട്ട് മേഖല സന്ദർശിച്ചിട്ടും വാടാനപ്പള്ളി മേഖലയിലെ കടലാക്രമണ പ്രദേശം കലക്ടർ സന്ദർശിക്കാതിരുന്നതിൽ ജന പ്രതിനിധികൾക്കും കടലോര നിവാസികൾക്കും പ്രതിഷേധിച്ചിരുന്നു. ഇതോടെയാണ് കലക്ടർ എത്തിയത്.
കടൽക്ഷോഭത്തിൽ വീടും സ്ഥലവും കൃഷിയും നശിച്ചവരെ നേരിട്ട് കണ്ട് കലക്ടർ വിവരങ്ങൾ ആരാഞ്ഞു. അടിയന്തരമായി കടൽഭിത്തി കെട്ടുകയും ഒലിച്ചുപോയ സീവാൾ റോഡ് നിർമിച്ച് ഗതാഗത സംവിധാനം പുനസ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സ്കൂൾ അവധിയായതിനാൽ നിരവധി കുട്ടികളും കലക്ടറെ കാണാനും സങ്കടം ബോധിപ്പിക്കാനും എത്തിയിരുന്നു.
സ്കൂളിലേക്ക് പോകാനുള്ള ഏക ആശ്രയമായ റോഡ് കൂടി കടലെടുത്തതോടെ സ്കൂൾ വാഹനമോ ഓട്ടോറിക്ഷയോ വരാതെ കുട്ടികൾ ദുരിതത്തിലാണ്. വാട്ടർ അതോറിറ്റിയുടെ പൈപ്പിലൂടെ വെള്ളം വരാത്തത് കാരണം കുടിവെള്ളവും ലഭിക്കുന്നില്ല.
കലക്ടർക്ക് മുന്നിൽ പരാതി പ്രളയമായിരുന്നു. വാടാനപ്പള്ളി പഞ്ചായത്തിന്റെ ആവശ്യം പരിഗണിച്ച് മുൻ ജില്ല കലക്ടറുടെ ഉത്തരവനുസരിച്ച് അഞ്ച്ദിവസം വെള്ളം ടാങ്കർ ലോറിയിൽ കൊണ്ടുവന്ന് കൊടുത്തിരുന്നു. ഇപ്പോൾ അതും നിലച്ചിരിക്കുകയാണ്.
ഏങ്ങണ്ടിയൂരിനും തളിക്കുളത്തിനും ഇടയിലുള്ള വാടാനപ്പള്ളി പഞ്ചായത്തിലെ 1, 17, 18, വാർഡുകളാണ് തീരം തൊട്ട് കിടക്കുന്നത്. അഞ്ച് കിലോമീറ്റർ നീളത്തിൽ കിടക്കുന്ന വാടാനപ്പള്ളി കടൽ തീരം ടൂറിസത്തിന് വലിയ സാധ്യതയുള്ള പ്രദേശമാണ്. ടെട്രാപോഡ് കടൽഭിത്തി കെട്ടി തീരവും തീരദേശ വാസികളേയും സംരക്ഷിക്കണമെന്ന് സി.പി.എം തൃത്തല്ലൂർ - വാടാനപ്പളളി ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ സുരേഷ് മഠത്തിൽ , വി.എ. ഷാജുദീൻ എന്നിവർ ആവശ്യപ്പെട്ടു.
വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഐ.എൻ. സുധീഷ്, വൈസ് പ്രസിഡന്റ് ഹേമലത പ്രതാപൻ, തളിക്കുളം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ചിലഗിരി , വൈസ് പ്രസിഡന്റ് സി.എം. നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ചാവക്കാട് തഹസിൽദാർ , ഇറിഗേഷൻ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരും കലക്ടറോടൊപ്പം ബീച്ച് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.