തൃശൂർ: വടക്കുംനാഥ ക്ഷേത്രം ഉപദേശകസമിതിക്കെതിരായ ആരോപണങ്ങളിൽ സമിതിയുടെ വിശദീകരണത്തിൽ തൃപ്തിയറിയിച്ച് കൊച്ചിൻ ദേവസ്വംബോർഡ്. രണ്ട് ടേം പരിധിയും അധിക സമയവും നൽകിയ ഉപദേശക സമിതിക്ക് ഇനി കാലാവധി നീട്ടി നൽകാനാവില്ല. അതേസമയം, പുതിയ സമിതിയെ തെരഞ്ഞെടുക്കണമെങ്കിൽ ഹൈകോടതി ഉത്തരവ് വേണം. ഇതോടെ ഉദ്യോഗസ്ഥ ഭരണത്തിലാണ് വടക്കുംനാഥ ക്ഷേത്രം. ശിവരാത്രിയും തൃശൂർ പൂരവുമടക്കം നടക്കാനിരിക്കെ ഉപദേശകസമിതിയില്ലാത്തതിനാൽ ദേവസ്വം ബോർഡ് നേരിട്ടാണ് കഴിഞ്ഞ മാസം നടന്ന ആതിരോത്സവം നടത്തിയത്.
വടക്കുംനാഥ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉൽസവമാണ് ശിവരാത്രി ആഘോഷം. രണ്ടാഴ്ചയിലധികം നീണ്ടു നിൽക്കുന്ന കലാപരിപാടികളും തൃശൂർ പൂരത്തിൽ പങ്കാളികളാവുന്ന ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള എഴുന്നെള്ളിപ്പുകളുമടക്കം വടക്കുംനാഥ ക്ഷേത്രത്തിനകത്ത് വരുന്നതാണ് ശിവരാത്രി ഉൽസവം. അതുകൊണ്ടുതന്നെ സംഘാടനം ഏറെ പ്രധാനപ്പെട്ടതാണ്. ഉപദേശകസമിതിയില്ലാത്തതിനാൽ ഉദ്യോഗസ്ഥ ഭരണത്തിലാണ് ഇപ്പോൾ പ്രവർത്തനങ്ങൾ. ചട്ടപ്പടി പ്രവർത്തനങ്ങൾക്കപ്പുറത്ത് വേറെ ഒന്നും നടക്കുന്നില്ല. നിലവിലുണ്ടായിരുന്ന ഉപദേശകസമിതിയുടെ കാലഘട്ടത്തിലായിരുന്നു ശിവരാത്രി അടക്കമുള്ള ഉത്സവങ്ങൾ വളരെയധികം ഭക്തജന പങ്കാളിത്തത്തോടെയും ആഘോഷപൂർവവും സംഘടിപ്പിച്ച് തുടങ്ങിയത്.
സാമ്പത്തിക ഇടപാടുകളിലടക്കം ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശങ്ങളിൽ ചില നിക്ഷിപ്ത താൽപര്യക്കാർ പരാതി ഉന്നയിച്ചതിനെ തുടർന്ന് ബോർഡ് അന്വേഷണം നടത്തുകയും സമിതിയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് സമിതിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ വാസ്തവ വിരുദ്ധമായ വാർത്തകളും പ്രചരിക്കുകയുണ്ടായി. സമിതി നേരിട്ട് വിശദീകരണം നൽകിയതോടെയാണ് ബോർഡ് തൃപ്തി രേഖപ്പെടുത്തിയത്.
അതേസമയം, ചില കാര്യങ്ങളിൽ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തുന്നെന്നും തുടർനടപടി അവസാനിപ്പിക്കുന്നെന്നും ജനുവരി 15ന് ചേർന്ന ബോർഡ് യോഗം രേഖാമൂലം ഉത്തരവ് പുറപ്പെടുവിച്ചു. കാര്യങ്ങളിൽ വ്യക്തത വന്നിട്ടും ചില കേന്ദ്രങ്ങളിൽ നിന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ദുരുദ്ദേശപരമാണെന്നും ബോർഡ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.