പ്രതീകാത്മക ചിത്രം
ചെറുതുരുത്തി: കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ വീടിന്റെ ചുമർ ഇടിഞ്ഞുവീണ് 11കാരന് തലക്ക് പരിക്കേറ്റു. ഒപ്പം ഉണ്ടായിരുന്ന രണ്ട് സഹോദരങ്ങൾ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.വള്ളത്തോൾ ഇരട്ടക്കുളം ഇറിഗേഷൻ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന കക്കാടത്ത് വീട്ടിൽ ഷെറീനയുടെ മകൻ സഹലിനാണ് (11) പരിക്കേറ്റത്.കൂടെ ഉണ്ടായിരുന്ന ഒമ്പതും ഏഴും വയസ്സായ രണ്ട് സഹോദരന്മാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഈ സമയം വീട്ടിൽ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇളയ സഹോദരൻ മുസ്തഫ വീടിനുള്ളിൽ ഓടിക്കളിക്കുമ്പോൾ വീണ് പരിക്കേറ്റതിനെ തുടർന്ന് മാതാവ് ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്താണ് വീട്ടിൽ ഉണ്ടായിരുന്ന രണ്ട് പിഞ്ചുമക്കളുടെയും സഹലിന്റെയും ദേഹത്തേക്ക് ചുമർ ഇടിഞ്ഞുവീണത്.
കരച്ചിൽ കേട്ട് നാട്ടുകാർ ഓടിവന്നാണ് മണ്ണിലും കല്ലിന്റെ അടിയിലും അകപ്പെട്ട് പരിക്കുപറ്റിയ സഹലിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ഇറിഗേഷൻ കനാൽ പുറമ്പോക്കിൽ നാലു പിഞ്ചുമക്കളും ഷെറീനയും കഴിയാൻ തുടങ്ങിയിട്ട് 20 വർഷത്തിലധികമായി. ഒരുതവണ വില്ലേജ് അധികാരികൾ ഇവരെ വന്നുകാണുകയും കാര്യങ്ങൾ അന്വേഷിച്ചു പോകുകയും മാത്രമാണ് ചെയ്തത്.
പിന്നീട് ഒരു നടപടിയും എടുത്തില്ല. ചുമർ കെട്ടി അതിനു മേൽ ഷീറ്റ് മേഞ്ഞ ഒറ്റ മുറിയിൽ വീട് പൂർണമാകാത്ത രീതിയിലാണ് ഇവരുടെ താമസം.നിരവധി തവണ വീടിനും മറ്റു ആവശ്യങ്ങൾക്കും അപേക്ഷിച്ചിരുന്നു എങ്കിലും സ്വന്തമായി സ്ഥലമില്ലെന്ന കാരണത്താൽ നിരസിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.