കാട്ടൂർ: അരിപ്പാലം തോപ്പിലെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ നാടന്‍ ബോംബുകളും കഞ്ചാവും വടിവാളും പിടികൂടി. കാട്ടൂര്‍ സി.ഐ മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. അരിപ്പാലം സ്വദേശി നടുവത്ത് പറമ്പില്‍ വിനു സന്തോഷ് (22), എടക്കുളം സ്വദേശി ഈശ്വരമംഗലത്ത് അഖിനേഷ് (23) എന്നിവർ പിടിയിലായി.
വിനു സന്തോഷിനെതിരെ ജില്ലയിലെ നിരവധി പൊലീസ് സ്‌റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. അഖിനേഷിന് കാട്ടൂര്‍ സ്‌റ്റേഷനിലും കേസുണ്ട്. മറ്റൊരു കേസന്വേഷണത്തിന്റെ ഭാഗമായി വിനു സന്തോഷിന്റെ വീട്ടിലെത്തിയ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ അരയില്‍നിന്ന് കഞ്ചാവ് ലഭിച്ചു.
പിന്നീട് ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവർ നടത്തിയ സംയുക്ത തിരച്ചിലിലാണ് മണ്ണില്‍ പ്ലാസ്റ്റിക്ക് കുപ്പികളില്‍ കുഴിച്ചിട്ട കഞ്ചാവും നാടന്‍ ബോംബുകളും കണ്ടെത്തിയത്.
രണ്ട് ബോംബുകളും 500 ഗ്രാം കഞ്ചാവും ഒരു വടിവാളും രണ്ട് ഇരുമ്പ് വടികളും കണ്ടെത്തി. അഡീഷനല്‍ എസ്.ഐ മണികണ്ഠന്‍, സീനിയര്‍ സി.പി.ഒ കെ.കെ. പ്രസാദ്, സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരായ പ്രബിന്‍, സുകുമാരന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.