വാടാനപ്പള്ളി: ദേശീയപാതയിലെ ചളിക്കുണ്ടിൽ പെട്ട് കണ്ടെയ്നർ ലോറിയും പെട്ടി ഓട്ടോറിക്ഷയും മറിഞ്ഞു. ഏങ്ങണ്ടിയൂരിൽ സർവിസ് റോഡിന്റെ അരിക് ഇടിഞ്ഞാണ് കണ്ടെയ്നർ ലോറി മറിഞ്ഞത്. സമീപം റോഡ് പണിക്ക് ഉപയാഗിച്ചിരുന്ന ജെ.സി.ബി കൊണ്ട് ലോറിയെ തടഞ്ഞ് നിർത്തി. കൊച്ചിയിൽ നിന്ന് മലപ്പുറത്തേക്ക് ടൈൽസുമായി പോയിരുന്ന കണ്ടെയ്നർ ലോറി ഏങ്ങണ്ടിയൂർ ചന്തപ്പടിയിലാണ് അപകടത്തിൽപ്പെട്ടത്.
ടൈൽസുകൾ പിന്നീട് മറ്റൊരു വാഹനത്തിലേക്ക് മാറ്റി. ചേറ്റുവ കടവിൽ പെട്ടി ഓട്ടോ ദേശീയ പാതയിലെ കുഴിയിൽ വീണ് മറിഞ്ഞും അപകടമുണ്ടായി. ആമസോൺ ഡെലിവറി വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോയുടെ മുന്നിലെ ഗ്ലാസ് തകർന്നുഏങ്ങണ്ടിയൂരിൽ പലയിടത്തും വലിയ കുന്നാക്കിയിട്ടിട്ടുള്ള ചെമ്മണ്ണ് വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും ഏറെ ഭീഷണിയാണ്.
പലതിടത്തും ചെമ്മണ്ണ് ചളിരൂപത്തിലായി വീടുകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും ഒലിച്ചിറങ്ങുന്നത് ദുരിതമാവുകയാണ്. ശക്തമായ മഴയിൽ പാലിക്കേണ്ടതായ യാതൊരു നടപടിയും ദേശീയപാത നിർമാണ കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ദിനംപ്രതി നിരവധി വാഹനങ്ങൾ ആണ് ദേശീയപാതയിൽ അപകടത്തിൽപ്പെടുന്നത്.
റോഡ് നിർമാണത്തിനെടുത്ത വലിയ കുഴികളിൽ വെള്ളം നിറഞ്ഞ് റോഡിന് അടിയിൽ നിന്നും മണ്ണൊലിച്ച് അപകടമുണ്ടാകാൻ സാധ്യതയേറെയാണ്. ദേശീയപാത കരാർ കമ്പനിയധികൃതർ അടിയന്തരമായി അപകടകരമായ സ്ഥലങ്ങൾ സന്ദർശിച്ച് വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും വേണ്ട സുരക്ഷ ഉറപ്പുവരുത്തണമെന്ന് പൊതുപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.