10 വർഷത്തിലധികമായ ദിവസ വേതനക്കാരെ കാഷ്വൽ ജീവനക്കാരാക്കും -മന്ത്രി ജെ. ചിഞ്ചുറാണി

തൃശൂര്‍: ദിവസ വേതനാടിസ്ഥാനത്തില്‍ 10 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്നവരെ കാഷ്വല്‍ ജീവനക്കാരായി അംഗീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന്​ മന്ത്രി ജെ. ചിഞ്ചുറാണി. ഇതിനായി കോര്‍പറേഷനുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഇത്തരക്കാരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്​. അത് പ്രാവര്‍ത്തികമാക്കാൻ ശ്രമം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. തൃശൂരിൽ ബുലുറോയ് ചൗധരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാജ്യത്ത് 85 ശതമാനം ആളുകളും അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവരാണ്. അവര്‍ക്കുവേണ്ട ആനുകൂല്യങ്ങള്‍ക്കായി ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിച്ചിട്ടും കേന്ദ്രം അവഗണന തുടരുകയാണ്. ഈ സാഹചര്യത്തിന് മാറ്റംവരുത്താൻ എ.ഐ.ടി.യു.സി ശക്തമായ ശ്രമം തുടരണമെന്നും മന്ത്രി പറഞ്ഞു. തോട്ടം തൊഴിലാളികളുടെയും കശുവണ്ടി തൊഴിലാളികളുടെയും തൊഴില്‍ സംരക്ഷിക്കാൻ ബജറ്റില്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്കുള്ള വര്‍ക്കിങ്​ വുമൻ ഫോറത്തിന്‍റെ അവാര്‍ഡ് അദ്ദേഹം വിതരണം ചെയ്തു. വര്‍ക്കിങ്​ വുമൻ ഫോറം സംസ്ഥാന പ്രസിഡന്‍റ്​ എം.എസ്. സുഗൈതകുമാരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. മല്ലിക, എലിസബത്ത് അസീസി, കെ.ടി. ഗീത, എം. സ്വര്‍ണലത, സാറാമ്മ റോബ്സണ്‍, വി.ജെ. മെര്‍ലിന്‍, ഷീന പറയങ്ങാട്ടിൽ, കവിത രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.