ഉപഭോക്തൃ കമീഷൻ വിധി പാലിച്ചില്ല; വാറണ്ട്​ അയക്കാൻ ഉത്തരവ്​

തൃശൂർ: ഫർണിച്ചർ ഷോപ്പിനെതിരായ പരാതിയിൽ വിധിപ്രകാരം സെറ്റിയുടെ വിലയും ചെലവും നൽകാത്തതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കാൻ തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ഉത്തരവ്. തൃശൂർ പാലിശ്ശേരി ആളൂക്കാരൻ വീട്ടിൽ ശരത്ചന്ദ്രൻ ഫയൽ ചെയ്ത ഹർജിയിൽ തിരുവനന്തപുരത്തെ ഫർണിച്ചർ ഷോപ്പുടമക്കും തൃശൂർ അവണൂരിലെ മാനേജർക്കും എതിരെയാണ്​ വാറണ്ട് അയക്കാൻ ഉത്തരവായത്. തൃശൂർ പൂരം എക്സിബിഷനിലെ സ്റ്റാളിൽ ബുക്ക് ചെയ്ത് വാങ്ങിയ സെറ്റി തകരാറിലായതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ഹർജിക്കാരന് സെറ്റിയുടെ വിലയായ 28,500 രൂപയും ഒമ്പത്​ ശതമാനം പലിശയും ചെലവിലേക്ക് 5,000 രൂപയും നൽകാൻ വിധിയുണ്ടായിരുന്നു. വിധി പാലിക്കാൻ ഒരു മാസം സമയവും അനുവദിച്ചിരുന്നു. എന്നാൽ തുക നൽകിയില്ല. തുടർന്നാണ്​ ശരത്ചന്ദ്രൻ ഹർജി ഫയൽ ചെയ്തത്​. ഹർജി പരിഗണിച്ച പ്രസിഡന്‍റ്​ സി.ടി. സാബു, മെംബർ എസ്​. ശ്രീജ എന്നിവരടങ്ങിയ കമീഷൻ എതിർകക്ഷികൾക്ക് ​പൊലീസ് മുഖേന വാറണ്ട് അയക്കാൻ ഉത്തരവിടുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവ് ശിക്ഷ വിധിക്കാൻ കമീഷന്​ അധികാരമുണ്ട്​. ഹർജിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT