വടക്കാഞ്ചേരി: കുംഭച്ചൂടിന്‍റെ രൂക്ഷതയെ കുളിർമഴയാക്കി ഉത്സവപ്രേമികൾക്ക് വർണവസന്തത്തിന്‍റെ മതിവരാക്കാഴ്ചകൾ സമ്മാനിച്ച് വടക്കാഞ്ചേരി ഉത്രാളി പാടത്ത് പൂരം പെയ്തിറങ്ങി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ആഘോഷ പരിപാടികൾ. ആചാരാനുഷ്ഠാനങ്ങളുടെ തനിമ നിലനിർത്തി ദൃശ്യവിരുന്നൊരുക്കാൻ തട്ടകദേശങ്ങൾ സൗഹൃദ മത്സരമൊരുക്കി. വാദ്യമേള ഘോഷങ്ങളും ഭഗവതി പൂരവും നാദ-വർണ വിസ്മയം തീർത്തു. മൂന്ന് ദേശങ്ങളും സംയുക്തമായൊരുക്കിയ വെടിക്കെട്ടും നടന്നു. ജില്ല ഭരണകൂടത്തിന്‍റെ അനുമതിയോടെ എഴുന്നള്ളിപ്പിന് ഓരോ ദേശങ്ങളും ഏഴ് ആനകളെ വീതമാണ് അണിനിരത്തിയത്. വടക്കാഞ്ചേരി, എങ്കക്കാട്, കുമരനെല്ലൂർ എന്നിവയാണ് പങ്കാളിത്ത ദേശങ്ങൾ. ഉത്രാളിക്കാവിൽ ചൊവ്വാഴ്ച കൃത്യം 11.30ന് എങ്കക്കാട് ദേശം പഞ്ചവാദ്യത്തിന് തുടക്കം കുറിച്ചതോടെയാണ് വടക്കാഞ്ചേരിയിൽ പൂരവിസ്മയത്തിന് ആരംഭമായത്. ഉച്ചക്ക് 12ഓടെ കുമരനെല്ലൂർ ദേശത്തിന്‍റെ ഗജഘോഷയാത്ര പുതുപ്പള്ളി കേശവന്‍റെ നേതൃത്വത്തിൽ ഉത്രാളിക്കാവിലേക്ക് പുറപ്പെട്ടു. ഇതേസമയം വടക്കാഞ്ചേരി കരുമരക്കാട് ശിവക്ഷേത്രത്തിൽ വടക്കാഞ്ചേരി ദേശം നടപ്പുര പഞ്ചവാദ്യത്തിന് തുടക്കം കുറിച്ചു. തുടർന്ന് സായുധ പൊലീസ് അകമ്പടിയോടെ രാജകീയ ഘോഷയാത്ര ഉത്രാളിക്കാവിലേക്ക് നടന്നു. പാമ്പാടി രാജൻ തിടമ്പേറ്റി. പഞ്ചവാദ്യത്തിന് തിരുവില്വാമല ഹരിയും മേളത്തിന് ചേരാനെല്ലൂർ ശങ്കരൻ കുട്ടി മാരാരും പ്രമാണികളായി. എങ്കക്കാട് ദേശത്തിന്‍റെ എഴുന്നള്ളിപ്പ് രാവിലെ 11.30ന് ആരംഭിച്ചു. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റി. പഞ്ചവാദ്യത്തിന് കുനിശ്ശേരി അനിയൻമാരാരും മേളത്തിന് കലാനിലയം ഉദയൻ നമ്പൂതിരിയും പ്രമാണിത്വം വഹിച്ചു. മൂന്ന് ദേശങ്ങളുടെയും എഴുന്നള്ളിപ്പ് പൂർത്തിയായതോടെ പൂരക്കാഴ്ചകളിലെ ഏറ്റവും വർണാഭമായ നിമിഷങ്ങൾ പിറന്നു. ചരിത്രപ്രസിദ്ധമായ ഭഗവതി പൂരവും കൂട്ടിയെഴുന്നള്ളിപ്പും ക്ഷേത്രസന്നിധിയെ ആവേശക്കൊടുമുടിയേറ്റി. തുടർന്നായിരുന്നു കരിമരുന്ന് പ്രയോഗം. ഉത്രാളിക്കാവിൽ രാത്രി തായമ്പക, കേളി, കൊമ്പുപറ്റ്, നാഗസ്വരം എന്നിവയും ഉണ്ടായി. വടക്കാഞ്ചേരി ശിവക്ഷേത്രത്തിൽ രാത്രി ഏഴിന് ശിവരാത്രി, കേളി, തായമ്പക, ഒമ്പതിന് ഭക്തിഗാന ജപലഹരി എന്നിവ നടന്നു. പകൽ പൂരം രാത്രിയിലും ആവർത്തിച്ചു. ബുധനാഴ്ച രാവിലെയും കൂട്ടിയെഴുന്നള്ളിപ്പ് നടക്കും. തുടർന്ന് എങ്കക്കാട് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പൊങ്ങലിടി ചടങ്ങിന് ശേഷം ഉപചാരംചൊല്ലി പിരിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.