അഞ്ചുമാസമായി വില്ലേജ് ഓഫിസറില്ല; വലഞ്ഞ്​ പെരിഞ്ഞനത്തുകാർ

കയ്പമംഗലം: പെരിഞ്ഞനത്ത് വില്ലേജ് ഓഫിസർ ഇല്ലാതായിട്ട് അഞ്ചുമാസം. ഓഫിസ് കയറിയിറങ്ങി നട്ടം തിരിഞ്ഞ് നാട്ടുകാർ. സെപ്റ്റംബർ അവസാനമാണ് നിലവിലെ വില്ലേജ് ഓഫിസർ ദേശീയപാത ഭൂമിയേറ്റെടുക്കൽ വകുപ്പിലേക്ക് സ്ഥലം മാറിപ്പോയത്. തുടർന്ന് ഇതുവരെയും ആരെയും നിയമിച്ചിട്ടില്ല. ആദ്യം കയ്പമംഗലത്തെ വില്ലേജ് ഓഫിസർക്കും ഇപ്പോൾ പാപ്പിനിവട്ടം വില്ലേജ് ഓഫിസർക്കുമാണ് ചുമതല. ഒന്നോ രണ്ടോ ദിവസങ്ങൾ ഇടവിട്ടാണ് വില്ലേജ് ഓഫിസർ എത്തുക. ഇതിനിടെ, പല ആവശ്യങ്ങൾക്കായി എത്തുന്നവർ മടങ്ങിപ്പോകേണ്ട സ്ഥിതിയാണ്. അഞ്ചു തസ്തികകൾ ഉള്ള പെരിഞ്ഞനത്ത് സ്പെഷ്യൽ വില്ലേജ് ഓഫിസർ, വില്ലേജ് അസിസ്റ്റന്റ്, ഫീൽഡ് അസിസ്റ്റന്റ് എന്നിവയിലാണ് ആളുള്ളത്. വില്ലേജ് ഓഫിസറെ കൂടാതെ ഒരു ഫീൽഡ് അസിസ്റ്റന്റിന്റെ കുറവും ഇവിടെയുണ്ട്. 4,000ത്തോളം കുടുംബങ്ങൾ വരുന്ന വില്ലേജാണിത്. അപേക്ഷകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയിട്ടും ജനങ്ങൾക്ക് നടത്തം മാത്രമാണ് ബാക്കി. ദേശീയപാത ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് തീരദേശത്തെ വില്ലേജ് ഓഫിസുകളിൽ മാസങ്ങളായി തിരക്ക് തുടങ്ങിയിട്ട്. നഷ്ടപരിഹാരത്തിന് വിവിധ രേഖകൾ ശരിയാക്കാനായെത്തുന്ന ജനങ്ങൾ ആരോട് പരാതി പറയണം എന്നറിയാതെ ഉഴലുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.