പ്രസീതക്ക്​ വീണ്ടും 'കനിവിന്‍റെ കരുതലിൽ' സുഖപ്രസവം

അതിരപ്പിള്ളി: രണ്ടാം തവണയും കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ പ്രസീതക്ക് സുഖപ്രസവം. കഴിഞ്ഞ വർഷം ആദ്യ പ്രസവം ആംബുലൻസിനുള്ളിലാണ്​ നടന്നതെങ്കിൽ ഇത്തവണ വീട്ടിലാണ്​. മലക്കപ്പാറ വാച്ച്മരം ആദിവാസി ഊരിലെ മുകേഷിന്‍റെ ഭാര്യ പ്രസീതക്കാണ് (20) രണ്ടാം തവണയും കനിവ് ജീവനക്കാർ രക്ഷകരായത്. തിങ്കളാഴ്ച പുലർച്ച 3.30ഓടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ട്രൈബൽ ആശ പ്രവർത്തകയായ മഞ്ജുവിനെ അറിയിച്ചു. തുടർന്ന് കൺട്രോൾ റൂമിൽനിന്ന് അത്യാഹിത സന്ദേശം വെറ്റിലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് വി.എസ്. വിഷ്ണു, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഗ്രിഷ എൻ. സാമുവൽ എന്നിവർ ഊരിലെത്തി. എന്നാൽ, സമയം വൈകിയതിനാൽ പ്രസവമെടുക്കാതെ പ്രസീതയെ ആംബുലൻസിലേക്ക് മാറ്റാൻ കഴിയില്ലെന്ന്​ മനസ്സിലാക്കി. ഉടൻ ഇവർ വീട്ടിൽ തന്നെ സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു. ഗ്രിഷയുടെ പരിചരണത്തിൽ പ്രസീത ആൺകുഞ്ഞിന് ജന്മം നൽകി. അമ്മക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷമാണ് ആംബുലൻസിലേക്ക് മാറ്റിയത്. ഉടൻ ഇരുവരെയും ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന്​ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 2020 ആഗസ്റ്റ്​ മൂന്നിനാണ്​ ആശുപത്രിയിലേക്കുള്ള യാത്രമധ്യേ പ്രസീത ആംബുലൻസിൽ ജീവനക്കാരുടെ പരിചരണത്തിൽ പ്രസവിച്ചത്​. അന്നും വിഷ്ണു തന്നെയായിരുന്നു ആംബുലൻസിന്‍റെ വളയം പിടിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT