കിഴക്കമ്പലത്ത് നടന്നത് ക്രൂര കൊലപാതകം -വി.ഡി. സതീശൻ

കിഴക്കമ്പലം: വളരെ ക്രൂരവും ദൗര്‍ഭാഗ്യകരവുമായ കൊലപാതകമാണ് കിഴക്കമ്പലത്ത് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ദീപുവിന്‍റെ വീട്ടിലെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയവിരോധത്തിന്റെ പുറത്ത് ഒരുപാവം പട്ടികജാതി ചെറുപ്പക്കാരനാണ് കൊലചെയ്യപ്പെട്ടത്. അധികാരത്തിലിരിക്കുന്നവരുടെ ധാര്‍ഷ്ട്യവും ധിക്കാരവും രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യണമെന്ന നിരന്തരമായ സമീപനമാണ് ഈ കൊലപാതകത്തില്‍ എത്തിച്ചത്. വിളക്കണക്കല്‍ സമരത്തിന് അയല്‍പക്കക്കാരെ പ്രേരിപ്പിച്ചതിന്റെ പേരിലാണ് ദീപു ക്രൂരമര്‍ദനത്തിന് വിധേയമായത്. ആക്രമിക്കപ്പെട്ടവന് ആശുപത്രിയില്‍പോലും പോവാന്‍ വീട്ടില്‍നിന്ന്​ പുറത്തിറങ്ങാന്‍ കഴിയാത്തവിധം നിരന്തര ഭീഷണിയാണ് നേരിട്ടത്. ഗുരുതരമായ ഈ മര്‍ദനത്തിന്റെ ഭാഗമായാണ് ദീപു മരണപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതാണ്. ഇത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ്. ഉത്തരവാദികളായ മുഴുവന്‍ ആളുകളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. ഇത് ഒറ്റപ്പെട്ട സംഭവമല്ല. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന സി.പി.എമ്മിന്റെ ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും രക്തസാക്ഷിയാണ് ദീപു. സി.പി.എം ജില്ല കമ്മിറ്റി ഈ കൊലപാതകവുമായി തങ്ങള്‍ക്ക് ഒരുബന്ധവുമില്ലെന്ന് പറയുന്നത് ഏറ്റവും വലിയ തമാശയാണ്. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവര്‍ പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.