തൃശൂർ ഗവ. മെഡിക്കൽ കോളജിൽ മന്ത്രിയുടെ മിന്നൽ പരിശോധന; രോഗികളുടെ പരാതിപ്രവാഹം

മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ആരോഗ്യമന്ത്രി വീണ ജോർജ് മിന്നൽ പരിശോധന നടത്തി. ശനിയാഴ്ച വൈകീട്ടായിരുന്നു അപ്രതീക്ഷിത സന്ദർശനം. മന്ത്രിയോട് രോഗികൾ പരാതികളുടെ കെട്ടഴിച്ചു. ശുചിമുറി സൗകര്യക്കുറവും ട്രോളി, വീൽചെയർ എന്നിവ കിട്ടാത്തതും ശുദ്ധജലം ഇല്ലാത്തതും മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. കാഷ്വലിറ്റിക്കൊപ്പം അസ്ഥിരോഗ വിഭാഗം വാർഡ്, ഗൈനക്കോളജി വാർഡ് എന്നിവ സന്ദർശിച്ച് ചികിത്സ പ്രശ്നങ്ങൾ വിലയിരുത്തി. അസ്ഥിരോഗ വാർഡിൽ ശസ്ത്രക്രിയ കാത്ത് കിടക്കുന്നവർ നിരവധിയായിരുന്നു. ഇവർക്ക് ഓപറേഷൻ തിയറ്റർ സൗകര്യം ലഭ്യമാക്കാനായി സൂപ്രണ്ടിനും പ്രിൻസിപ്പലിനും നിർദേശം നൽകി. അസ്ഥിരോഗ വാർഡിലെ രോഗികൾ പലരും മൂട്ടശല്യം ശ്രദ്ധയിൽപെടുത്തിയതിന് ഉടനടി പരിഹാരം കാണാനും മന്ത്രി നിർദേശിച്ചു. കോവിഡ് കൺട്രോൾ റൂം, ടെലി ഐ.സി.യു സംവിധാനങ്ങളും മന്ത്രി വിലയിരുത്തി. സൂപ്പർ സ്​പെഷാലിറ്റി ബ്ലോക്ക്, കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി എന്നിവ കാര്യക്ഷമമായി പൂർത്തിയാക്കാൻ മന്ത്രിയെ സ്വീകരിച്ച സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ആവശ്യപ്പെട്ടു. പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമനാഥ്, സൂപ്രണ്ട് ഡോ. ബിജു കൃഷ്ണൻ, ലൈസൺ ഓഫിസർ ഡോ. രവീന്ദ്രൻ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. നിഷ എം. ദാസ്, ഡോ. എം. രാധിക, ആർ.എം.ഒ ഡോ. എ.എം. രന്ദീപ് എന്നിവരും ഉണ്ടായിരുന്നു. TCR.mgkavu.MCH..min.veena.20220219-WA0067.jpg തൃശൂർ ഗവ. മെഡിക്കൽ കോളജിൽ പരിശോധന നടത്തിയ ആരോഗ്യമന്ത്രി വീണ ജോർജ് രോഗികളുടെ കൂട്ടിരിപ്പുകാരോട് ക്ഷേമം അന്വേഷിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.