കാർഷിക പരിപാടികളുടെ സംഘാടനം സ്വകാര്യ ഏജൻസികൾക്ക്; പ്രതിഷേധം

മുമ്പ്​ പ്രവൃത്തികൾ പൊതുക്വട്ടേഷനിലാണ് ചെയ്തിരുന്നത് തൃശൂർ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിനു വേണ്ടി ഫാം ഇൻഫർമേഷൻ ബ്യൂറോ ചെയ്തുവരുന്ന പരിപാടികളുടെ സംഘാടനം സ്വകാര്യ ഏജൻസികൾക്ക്​. അച്ചടി, പരസ്യം, സ്റ്റേജ്, എക്സിബിഷൻ, ലൈറ്റ് ആൻഡ് സൗണ്ട്, ഭക്ഷണം, ഗതാഗതം, മാനവശേഷി, ദൃശ്യ-ശ്രാവ്യ പ്രമാണീകരണം, കലാപരിപാടികൾ തുടങ്ങിയവക്ക് എം-പാനൽ ഏജൻസികളെ നിയോഗിച്ച് കൃഷി വകുപ്പ് ഉത്തരവായി. ഏജൻസികൾ ഏറ്റെടുക്കുന്ന പ്രവൃത്തികളുടെ എസ്റ്റിമേറ്റ് അംഗീകരിക്കാൻ കൃഷിവകുപ്പ് സെക്രട്ടറി ചെയർമാനും കൃഷി വകുപ്പ് ഡയറക്ടർ കൺവീനറും നാല് അംഗങ്ങളുമായി സമിതി രൂപവത്കരിച്ചു. ഇനി സമിതിയുടെ അംഗീകാരത്തോടെ പൊതുപരിപാടികൾക്കായി 25 ലക്ഷംവരെയുള്ള തുക കാർഷിക വികസന കർഷക ക്ഷേമ ഡയറക്ടർക്ക് ചെലവിടാമെന്ന് കൃഷി വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക് ഉത്തരവിൽ അറിയിച്ചു. ഫാം ഇൻഫർമേഷൻ ബ്യൂറോ ചെയ്തുവരുന്ന പരസ്യ പ്രചാരണത്തിനും എംപാനൽഡ് ഏജൻസിയെ നിശ്ചയിക്കാനും ഉത്തരവിട്ടിരുന്നു. നേരത്തെ പ്രവൃത്തികൾ പൊതു ക്വട്ടേഷനിലാണ് ചെയ്തിരുന്നത്. ജി.എസ്.ടിയും ഇൻകംടാക്സും റോഡ് ടാക്സുമൊക്കെ അടച്ച് പ്രവൃത്തിചെയ്തുവന്നിരുന്ന തങ്ങളെ ഒഴിവാക്കി ചില ഏജൻസികളെ ഏൽപ്പിച്ചതിനെതിരെ ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. ചില ഏജൻസികളെ മാത്രം തെരഞ്ഞെടുത്ത ഉത്തരവ് ​പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ബിജു രാഗം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.