ഖാദി അസോ. തെരഞ്ഞെടുപ്പിൽ കൃത്രിമം: കോൺഗ്രസ്‌ നേതാക്കൾക്കെതിരെ കേസ്

തൃശൂർ: അവിണിശ്ശേരിയിലെ കേരള ഖാദി ഗ്രാമവ്യവസായ അസോസിയേഷനിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചെന്ന പരാതിയിൽ കോൺഗ്രസ്‌ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. അസോസിയേഷൻ പ്രസിഡന്റും മുൻമന്ത്രി സി.എൻ. ബാലകൃഷ്ണന്‍റെ മകളുമായ സി.ബി. ഗീത, വരണാധികാരിയും യൂത്ത്‌ കോൺഗ്രസ്‌ നേതാവുമായ അഡ്വ. ശ്യാം എന്നിവർക്കും ബാലറ്റ് പെട്ടി നിർമിച്ച ആൾക്കുമെതിരെയാണ്‌ നെടുപുഴ പൊലീസ്‌ കേസെടുത്തത്‌. നിലവിലെ സെക്രട്ടറി വി. കേശവന്‍റെ നേതൃത്വത്തിലെ പാനൽ നൽകിയ പരാതിയിലാണ്‌ കേസ്‌. കോൺഗ്രസ് ചേരിതിരിഞ്ഞായിരുന്നു മത്സരം. തങ്ങളെ തോൽപിക്കാൻ വോട്ടുപെട്ടിക്കുള്ളിൽ അറ നിർമിച്ച്‌ 50 ബാലറ്റ്‌ ഒളിപ്പിച്ചെന്നാണ്‌ പരാതി. തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമവും വഞ്ചനക്കുറ്റവും ചുമത്തിയാണ്‌ കേസെടുത്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്. വോട്ടെണ്ണാൻ പെട്ടി പൊളിച്ചപ്പോൾ അടിപ്പലകയുടെ അടിയിലായി മുകളിലേക്ക് കുരുങ്ങി നിന്ന നിലയിൽ കണ്ട ബാലറ്റ് പേപ്പറിന്‍റെ ഭാഗമാണ് കുരുക്കിലാക്കിയത്. ഇതെടുക്കാൻ ശ്രമിച്ചതോടെ പലകക്കടിയിൽ കൂടുതൽ വോട്ടുകൾ കണ്ടെത്തുകയായിരുന്നു. 196 വോട്ടാണ് അസോസിയേഷനിലുള്ളത്. ഇതനുസരിച്ച് 200 ബാലറ്റ്​ അച്ചടിക്കാനായിരുന്നു ഭരണസമിതിയുടെ തീരുമാനം. എന്നാൽ, വരണാധികാരിയായിരുന്ന യൂത്ത് കോൺഗ്രസ് നേതാവിനെ സ്വാധീനിച്ച്‌ 50 ബാലറ്റ്‌ കൂടുതൽ അച്ചടിച്ചെന്ന് കേശവൻ വിഭാഗം പറയുന്നു. ഈ 50 ബാലറ്റിൽ സി.ബി. ഗീതയുടെ നേതൃത്വത്തിലെ പാനലിന്‌ അനുകൂലമായി വോട്ട്‌ രേഖപ്പെടുത്തി പെട്ടിക്കുള്ളിലെ അറയിൽ നേരത്തേ നിക്ഷേപിച്ചിരിക്കുകയായിരുന്നു. അറയുണ്ടാക്കുന്നതിന്‌ പെട്ടിയുണ്ടാക്കുന്ന ആളെയും സ്വാധീനിച്ചത്രെ. വോട്ടെടുപ്പിൽ ആദ്യ 50 പേർ വോട്ടുചെയ്യുന്നതുവരെ ഗീതയുടെ പാനലുകാർ വോട്ട്‌ രേഖപ്പെടുത്താതെ മാറി നിന്നിരുന്നതായി പരാതിയിൽ പറയുന്നു. 50 വോട്ട്‌ കഴിഞ്ഞപ്പോൾ ചായക്ക്‌ പിരിഞ്ഞു. ഈ സമയത്ത്‌ പെട്ടിക്കുള്ളിൽ പ്രത്യേകം സ്ഥാപിച്ച പലക ഉപയോഗിച്ച്‌ വോട്ട് ചെയ്ത യഥാർഥ ബാലറ്റുകൾ ഒളിപ്പിച്ചു. പെട്ടിയിൽ പ്രത്യേക അറക്കുള്ളിൽ നേരത്തേ നിക്ഷേപിച്ച വോട്ടുകൾ പുറത്തിടുകയായിരുന്നു. വോട്ടെണ്ണൽ സമയത്ത്‌ ഇത്‌ കണ്ടെത്തിയതോടെ ചേരിതിരിഞ്ഞ് തർക്കവും സംഘർഷത്തിലുമായി. പരാതിയെത്തുടർന്ന്‌ നെടുപുഴ പൊലീസ്‌ പെട്ടി സീൽ ചെയ്‌ത്‌ സ്‌ട്രോങ് റൂമിലേക്ക്‌ മാറ്റിയിരുന്നു. പിന്നാലെയാണ് കേശവൻ പരാതി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.