കുന്നംകുളം: തെരുവുനായ് ശല്യം സംബന്ധിച്ച് കുന്നംകുളം നഗരസഭ കൗൺസിൽ യോഗത്തിൽ ചൂടേറിയ ചർച്ച. കുന്നംകുളം മത്സ്യ മാര്‍ക്കറ്റിലും പരിസരത്തും തെരുവുനായ്ക്കള്‍ക്ക് ഭക്ഷണമായി ആളുകള്‍ ചിക്കന്വെയ്സ്റ്റ് നല്‍കുന്നതായും തെരുവുനായ്ക്കള്‍ പെരുകാൻ ഇത് വലിയ രീതിയില്‍ കാരണമാകുന്നതായും കൗണ്‍സിലര്‍മാരായ ബിനു പ്രസാദും സോഫിയ ശ്രീജിത്തും കുറ്റപ്പെടുത്തി.
പെരുകുന്ന നായ്ക്കൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ ഭീഷണി ഉയർത്തുന്നതിനാൽ വിഷയത്തിൽ അടിയന്തര നടപടി വേണമെന്ന് ഭരണ- പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരത്തിന് കലക്ടറെ സമീപിക്കാനും കൗൺസിൽ യോഗത്തിൽ തീരുമാനമായി.
നികുതിയും വാടകയും നല്‍കാതെ വഴിയോര കച്ചവടം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികളെടുക്കാൻ നഗരസഭ കൗണ്‍സില്‍ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു. നഗരത്തിൽ വടക്കാഞ്ചേരി റോഡിലെ അനധികൃത തെരുവോര ഫ്രൂട്ട്സ് കച്ചവടം കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഷാജി ആലിക്കല്‍ കൗണ്‍സില്‍ യോഗത്തിൽ ചൂണ്ടിക്കാട്ടി.
ഫ്രൂട്ട്സ് കച്ചവടം പൊളിച്ചുമാറ്റാന്‍ നഗരസഭ ചെയര്പേഴ്സൻ സീത രവീന്ദ്രന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്. ലക്ഷ്മണന് നിര്‍ദേശം നല്കി. ഇത്തരം കച്ചവടം കാരണം പൊതുമരാമത്ത് അധികൃതര്‍ക്ക് പ്രദേശത്ത് റോഡ് ടാറിങ് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ഷാജി ആലിക്കല്‍ ആരോപിച്ചു.
ഇക്കാര്യത്തിൽ നടപടി വേണമെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ടി. സോമശേഖരനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.