മൂവാറ്റുപുഴ: നഗരസഭയുടെ കെട്ടിടങ്ങൾക്ക് പി.ഡബ്ല്യു.ഡി നിരക്കിൽ വാടക വർധിപ്പിക്കാനുള്ള നഗരസഭ തീരുമാനത്തിനെതിരെ മൂവാറ്റുപുഴ മർച്ചന്റ്സ് അസോസിയേഷൻ അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തൽക്കാലം കടയടപ്പ് ഒഴിവാക്കി മറ്റു സമരപരിപാടികളാണ് നടത്തുക. ബുധനാഴ്ച നഗരത്തിൽ വിശദീകരണ യോഗങ്ങളും വ്യാഴാഴ്ച മുനിസിപ്പാലിറ്റിയുടെ മുന്നിൽ രാപ്പകൽ സമരവും നടത്തും.
നഗരസഭയുടെ ഉടമസ്ഥതയിലെ കെട്ടിടങ്ങളായ പേവാർഡ് ഷോപ്പിങ് കോംപ്ലക്സ്, വെജിറ്റബിൾ മാർക്കറ്റ്, കച്ചേരിത്താഴം കോംപ്ലക്സ്, ടൗൺ ഹാൾ കരാട്ടേ ക്ലാസ്, പാലം കോംപ്ലക്സ്, കെ.എസ്.ആർ.ടി.സിക്ക് എതിർവശത്തുള്ള ബേക്കറി കെട്ടിടം, ബസ്സ്റ്റാൻഡ് കോംപ്ലക്സ്, സ്റ്റേഡിയം കോംപ്ലക്സിലെ ഗ്രൗണ്ട് ഫ്ലോർ ഒന്നു മുതൽ 16 വരെയുള്ള റൂമുകൾ, കെ.എസ്.ആർ.ടി ജങ്ഷന് എതിർവശത്തെ കെട്ടിടത്തിലെ ഒന്നാം നിലയിലെ എട്ട് മുറികൾ എന്നീ കെട്ടിടങ്ങളിലെ മുറികളുടെ വാടക പി.ഡബ്ല്യു.ഡി നിരക്കിൽ വർധിപ്പിക്കാൻ തീരുമാനിച്ച കൗൺസിൽ തീരുമാനത്തിനെതിരെയാണ് വ്യാപാരികൾ രംഗത്തെത്തിയത്.
നഗരസഭ അധികാരികളുടെ ഏകപക്ഷീയമായി വാടക വർധന തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ കെ.എം. ഷംസുദ്ദീൻ, ബോബി എസ്. നെല്ലിക്കൽ, എൽദോസ് പാലപ്പുറം, കെ.എച്ച്. ഫൈസൽ, എം.ഡി. മനോജ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.