ഏഴംകുളം വേളമുരുപ്പ് ഇടിച്ച് മണ്ണ് കടത്താനുള്ള നീക്കം സർക്കാർ തടയണമെന്നാവശ്യപ്പെട്ട് തേപ്പുപാറ പോസ്റ്റ് ഓഫിസിന് മുന്നിൽ സംഘടിപ്പിച്ച പരിപാടി ജില്ല പഞ്ചായത്തംഗം എ.എൻ. സലീം ഉദ്ഘാടനം ചെയ്യുന്നു
വേളമുരുപ്പ് ഇടിച്ച് മണ്ണ് കടത്താനുള്ള നീക്കം തടയണം; മുഖ്യമന്ത്രിക്ക് കത്തയച്ചു
കൊടുമൺ: ഏഴംകുളം, ഏനാദിമംഗലം പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന കുന്നായ വേളമുരുപ്പ് ഇടിച്ച് മണ്ണ് കടത്താനുള്ള നീക്കം സംസ്ഥാന സർക്കാർ തടയണമെന്നാവശ്യപ്പെട്ട് തേപ്പുപാറ നിവാസികൾ പരിസ്ഥിതി ദിനത്തിൽ മുഖ്യമന്ത്രിക്ക് കത്തയച്ചു. തേപ്പുപാറ പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്തംഗം എ.എൻ. സലീം ഉദ്ഘാടനം ചെയ്തു.
തൊടുവക്കാട് വാർഡ് കുന്ന് സംരക്ഷണ സമിതി ചെയർമാൻ വിജയൻ നായർ അധ‍്യക്ഷത വഹിച്ചു. വിജു രാധാകൃഷ്‌ണൻ, അഡ്വ. ബിജു ജോൺ, സി. രജീഷ്, ഗീവർഗീസ്, വി.പി. റെജി, ഡെയ്സൺ, രാജു, അജിത സുധാകരൻ, ശോഭന, ഈശോ കുഞ്ഞച്ചൻ, ചന്ദ്രിക, സുനന്ദ പരശുറാം എന്നിവർ സംസാരിച്ചു.
ഏനാദിമംഗലം വില്ലേജ് പരിധിയിൽ തേപ്പുപാറ തോട്ടമുക്കിലെ അഞ്ച് ഏക്കറിലധികം വരുന്ന ഭാഗത്തെ കുന്നിടിച്ച് മണ്ണ് കടത്താനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. കായംകുളത്തുള്ള ചിലർ ഇതിനായി ജനങ്ങളെ സമീപിക്കുകയുണ്ടായി. 2023ൽ വേളമുരുപ്പ് ഇടിച്ച് നിരത്താനുള്ള നീക്കത്തിനെതിരെ വലിയ പ്രതിഷേധം ജനങ്ങൾ തീർത്തിരുന്നു. തൊടുവക്കാട് വാർഡിൽ കുന്ന് സംരക്ഷണ സമിതി രൂപീകരിച്ച് വലിയ സമരപരമ്പരകൾക്ക് നേതൃത്വം നൽകിയിരുന്നു. ജില്ലാ ദുരന്ത നിവാരണ വകുപ്പ് എല്ലാവർഷവും ഉരുൾപൊട്ടൽ സാധ്യതാ പ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്ന മേഖലയാണ് ഇവിടം. ഏഴംകുളം ഗ്രാമപഞ്ചായത്ത് 2025 സെപ്റ്റംബറിൽ തൊടുവക്കാട് വാർഡിൽ സ്പെഷ്യൽ ഗ്രാമസഭ യോഗം ചേർന്ന് തേപ്പുപാറയിലെ കുന്നുകൾ സംരക്ഷിക്കണം എന്ന പ്രമേയവും പാസാക്കിയിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമീഷനും തേപ്പുപാറയിലെ കുന്നുകൾ ഇടിക്കുന്നതിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.