അഭിനവും സുനീഷും ഇന്ദിരാമ്മക്കൊപ്പം
തിരുവല്ല: വെള്ളക്കെട്ടിൽ മുങ്ങിത്താഴ്ന്ന 65കാരിക്ക് രക്ഷകരായി അഭിനവും സുനീഷും. തിരുവല്ല കിഴക്കുമുറി വാഴയിൽ പടിയ്ക്കൽ ഇന്ദിരാമ്മക്കാണ് ഇരുവരും ചേർന്ന് പുനർജന്മം ഏകിയത്. തുകലശ്ശേരി കളീയ്ക്കൽ വീട്ടിൽ സുഭാഷ് കുമാർ - സ്മിത ദമ്പതികളുടെ മകനായ കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഓഡിയോളജി ആൻഡ് സ്പീച് കോഴ്സ് രണ്ടാം വർഷ വിദ്യാർത്ഥിയായ അഭിനവ് (19) ബന്ധു തുകലശ്ശേരി കളിയ്ക്കൽ വീട്ടിൽ പുഷ്പ കുമാരി - കൃഷ്ണൻകുട്ടി ദമ്പതികളുടെ മകൻ സുനീഷ് കുമാർ (36) എന്നിവരാണ് രക്ഷകരായത്.
കഴിഞ്ഞദിവസം വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. സ്വകാര്യ ആവശ്യത്തിനായി കിഴക്കമുറിയിൽ പോയി തുകലശ്ശേരിയിലേക്ക് കാറിൽ മടങ്ങവേയാണ് ആളൊഴിഞ്ഞ പ്രദേശത്ത് വെള്ളക്കെട്ടിൽ മുങ്ങിത്താഴുന്ന ഇന്ദിരാമ്മയെ ഇരുവരും കണ്ടത്. ക്ഷേത്ര ആവശ്യത്തിനായുള്ള എരുക്ക് പറിക്കാൻ വെള്ളക്കെട്ടിൽ ഇറങ്ങിയ ഇന്ദിരാമ്മ മുങ്ങിത്താഴുകയായിരുന്നു. ഇരുവരും കാണുമ്പോൾ ഇന്ദിരാമ്മയുടെ കൈകൾ മാത്രമാണ് വെള്ളക്കെട്ടിന് മുകളിൽ ഉണ്ടായിരുന്നത്. കാർ നിർത്തിയ ഉടനെ അഭിനവ് വെള്ളക്കെട്ടിലേക്ക് എടുത്തുചാടി. നീന്തിയെത്തിയ അഭിനവ് വെള്ളത്തിൽ മുങ്ങിത്താഴുകുകയായിരുന്ന ഇന്ദിരാമ്മയെ ചുമലിലേറ്റി പകുതി നീന്തിയെത്തി. തുടർന്ന് ബന്ധുവായ സുനീഷിന്റെ കൂടി സഹായത്തോടെ കരയ്ക്ക് എത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞ് വാർഡ് കൗൺസിലർ ത്രിലോക് നാഥ്, മുൻ നഗരസഭ ചെയർമാൻ ആർ. ജയകുമാർ എന്നിവർ ഉൾപ്പെടെ നിരവധി പേരാണ് ഇരുവരെയും അഭിനന്ദിക്കാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.