പത്തനംതിട്ട: ഓപറേഷൻ തൂഫാൻ ആരംഭിച്ചശേഷം ശക്തമായ പരിശോധനകളും കർശന നടപടികളുമായി ജില്ല പൊലീസ്. ലഹരി മരുന്ന് വിൽപനയും ഉപയോഗവുമായി ബന്ധപ്പെട്ട് 650ലധികം റെയ്ഡുകളാണ് ഇതിനകം നടത്തിയത്. ജില്ല പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ജില്ല ഡാൻസാഫ് ടീം വൻതോതിൽ ലഹരി മരുന്നുകൾ പിടിച്ചെടുക്കുന്നതിനും അന്തർ സംസ്ഥാന ബന്ധങ്ങൾ ഉള്ള ലഹരിക്കടത്ത് സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കുന്നതിനും സഹായകരമായി പ്രവർത്തിച്ചു.
ജില്ല ഡാൻസാഫ് ടീമിന് പുറമേ അഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരുടെ നിയന്ത്രണത്തിൽ ഒരു സബ് ഇൻസ്പെക്ടർ ഉൾപ്പെടെ നാല് പൊലീസുദ്യോഗസ്ഥർ വീതം അടങ്ങുന്ന അഞ്ച് സബ് ഡിവിഷൻ ഡാൻസാഫ് ടീമുകളും ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ ജില്ല പൊലീസിന് കരുത്തായി മുഴുസമയവും പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലെ 23 പോലീസ് സ്റ്റേഷനുകളിലെയും സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടുന്ന വിവിധ സംഘങ്ങളായി തിരിഞ്ഞ് ഓരോ സ്റ്റേഷൻ പരിധിയിലും ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ തുടർച്ചയായി പരിശോധനകളും നടക്കുന്നു.
ജില്ല രഹസ്യാന്വേഷണ വിഭാഗം കൈമാറിയ വിവരങ്ങൾ അനുസരിച്ച് വിവിധതരത്തിലുള്ള ലഹരി മരുന്നുകളുടെ ഉപയോഗം, കച്ചവടം എന്നിവ നടക്കാൻ സാധ്യതയുള്ള 250ഓളം സ്ഥലങ്ങൾ ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ മുഴുവൻ സ്കൂളുകളും കോളജ് പരിസരങ്ങളും പൊലീസിന്റെ തുടർച്ചയായ നിരീക്ഷണത്തിലുമാണ്.
മേയ് രണ്ടിന് ആരംഭിച്ച ഓപറേഷൻ തൂഫാൻ (ദി നാർക്കോ ഹണ്ട്) പദ്ധതി 10 ദിവസം പൂർത്തീകരിച്ചപ്പോൾ നിരോധിത പുകയില ഉല്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് 83 കേസുകളും, കഞ്ചാവ്, എം.ഡി.എം.എ ഉൾപ്പെടെ ലഹരി മരുന്നുകളുടെ ഉപയോഗവും വിപണനവും ആയി ബന്ധപ്പെട്ട് 47 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലയിൽ ഓപറേഷൻ തൂഫാൻ പദ്ധതിയിൽ 130 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 140 പേർ അറസ്റ്റിലായി. ലഹരി വിപത്തിനെതിരെയുള്ള നടപടി കൂടുതൽ കർശനമായി തുടരുമെന്ന് ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.