കക്കുടുമൺ വെള്ളച്ചാട്ടം
പത്തനംതിട്ട: ദൃശ്യവിസ്മയമായി കക്കുടുമൺ വെള്ളച്ചാട്ടം. നാറാണംമൂഴി പഞ്ചായത്തിലെ പ്രകൃതി മനോഹരമായ കക്കുടുമണ്ണ് പാവങ്ങളുടെ തേക്കടി എന്നാണ് അറിയപ്പെടുന്നത്. സ്വന്തം ജില്ലക്കാർക്ക് പോലും അത്ര പരിചിതമല്ലാത്ത കക്കുടുമണ്ണിന്റെ ദൃശ്യഭംഗി ലോകത്തിന് മുന്നിൽ കാണിച്ച് കൊടുക്കാനുള്ള ആലോചനയിലാണ് പഞ്ചായത്ത് അധികൃതരും റാന്നി എം.എൽ.എ അഡ്വ. പഴകുളം മധുവും. തേക്കടിയോട് സാദൃശ്യം തോന്നുന്ന കക്കുടുമണ്ണിന്റെ കാനന ഭംഗിയിൽ ഇടവപ്പാതി മഴ അതിന്റെ ചിത്രപ്പണികൾ കൂടി നടത്തിയതോടെ ദ്യശ്യവിസ്മയം തന്നെയാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്.
കക്കുടുമൺ തേക്കടി റോഡ്, പെരുന്തേനരുവി, പനംകുടന്തയരുവി, കട്ടിക്കൽ അരുവി തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുന്ന നാറാണംമൂഴി പഞ്ചായത്തിലെ പ്രദേശങ്ങൾ, കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ഗവി ട്രിപ്പിൽ ഉൾപ്പെടുത്താനുള്ള ആലോചനകൾ നടക്കുന്നുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽ നാറാണംമൂഴി പറഞ്ഞു.
കരികുളം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ ഉൾപ്പെടുന്ന കക്കുടുമൺ കരികുളം മേഖലയിൽ നിരവധി സഞ്ചാരികൾ എത്തിച്ചേരാറുണ്ടെന്ന് ഗ്രാമപഞ്ചായത്ത് അംഗം മാത്തുക്കുട്ടി ജോർജ് പറഞ്ഞു.
കുടുംബവുമൊത്ത് കരികുളം കക്കുടുമൺ റോഡിലൂടെ വനഭംഗി ആസ്വദിച്ച് ഒരു മഴക്കാല ഡ്രൈവിങ് സഞ്ചാരികൾക്ക് വേറിട്ട അനുഭവം നൽകും. മഴക്കാലത്ത് കൂടുതൽ മനോഹരമാകുന്ന നിരവധി അരുവികളും വെള്ളച്ചാട്ടങ്ങളുമടക്കമുള്ള കാഴ്ചകളാണ് ഇവിടെ സഞ്ചാരികൾക്കായി പ്രകൃതി ഒരുക്കിയിട്ടുള്ളത്.
ജൂൺ, ജൂലൈ തുടങ്ങിയ മഴക്കാല മാസങ്ങളിലാണ് കക്കുടുമൺ കൂടുതൽ മനോഹരമാകുന്നത്. കക്കുടുമൺ വെള്ളച്ചാട്ടം, ഒട്ടും അപകട ഭീതിയോ ആശങ്കയോ ഇല്ലാതെ കുട്ടികൾക്ക് ഇറങ്ങാൻ കഴിയുന്ന ഇടമാണെന്നും നാട്ടുകാർ പറയുന്നു.
പത്തനംതിട്ട ജില്ലക്കാരായ വിനോദ സഞ്ചാരികൾ പോലും ഏറെയും കക്കുടുമൺ അടക്കമുള്ള റാന്നിയുടെ മനോഹരമായ പ്രദേശങ്ങൾ കണ്ടിട്ടില്ല എന്നത് സങ്കടകരമാണെന്ന് പഴകുളം മധു എം.എൽ.എ പറഞ്ഞു. മഴക്കാലത്ത് മാത്രം ജലസമൃദ്ധമാകുന്ന ചെറിയ വെള്ളച്ചാട്ടങ്ങളെ കൂടുതർ കാലം ജലസമൃദ്ധമായി നിലനിർത്താൻ കഴിയുന്ന തരത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.