എം.ആർ.പിയേക്കാൾ കൂടുതൽ തുക ഈടാക്കി; ബിവറേജസ് ഡിപ്പോ മാനേജർക്ക് 25,010 രൂപ പിഴ

റാന്നി: മദ്യക്കുപ്പിയിൽ രേഖപ്പെടുത്തിയ പരമാവധി വിൽപ്പന വിലയേക്കാൾ കൂടുതൽ തുക ഈടാക്കിയ സംഭവത്തിൽ ബിവറേജസ് കോർപ്പറേഷൻ പെരുനാട് ഡിപ്പോ മാനേജർക്കെതിരെ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്‍റെ നടപടി. പരാതിക്കാരന് നഷ്ടപരിഹാരവും കോടതിച്ചെലവും ഉൾപ്പെടെ 25,010 രൂപ നൽകാൻ കമ്മീഷൻ ഉത്തരവിട്ടു.

റാന്നി പെരുനാട് മാമ്പാറ സ്വദേശി വാലുപുരയിടത്തില്‍ എ.ടി ആകാശ് സമർപ്പിച്ച ഹർജിയിലാണ് കമ്മീഷൻ പ്രസിഡന്‍റ് ബേബിച്ചന്‍ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവരടങ്ങിയ ഫോറം വിധി പ്രസ്താവിച്ചത്. പെരുനാട് സ്ഥിതി ചെയ്യുന്ന ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്നും ഹർജിക്കാരൻ 650 മില്ലി.ലിറ്റര്‍ ബിയർ വാങ്ങിയപ്പോഴാണ് സംഭവം. ബിയർ കുപ്പിയിൽ രേഖപ്പെടുത്തിയിരുന്ന എം.ആർ.പി 170 രൂപ മാത്രമായിരുന്നു. എന്നാൽ കൗണ്ടറിലെ ജീവനക്കാർ ബില്ല് നൽകിയത് 180 രൂപയ്ക്കാണ്. കുപ്പിയിലെ വിലയേക്കാൾ 10 രൂപ കൂടുതൽ ഈടാക്കിയത് ചോദ്യം ചെയ്ത ഹർജിക്കാരനോട്, കമ്പ്യൂട്ടറിലെ എം.ആർ.പി പ്രകാരമുള്ള തുകയേ വാങ്ങാൻ കഴിയൂ എന്നും പരാതിയുണ്ടെങ്കിൽ നൽകിക്കൊള്ളാനും ജീവനക്കാർ മോശമായ രീതിയിൽ മറുപടി നൽകി.

പഴയ എം.ആർ.പി രേഖപ്പെടുത്തിയ സ്റ്റോക്കുകൾ പുതിയ വിലയിൽ വിൽക്കാൻ അനുമതി നൽകുന്ന സർക്കാ ഉത്തരവ് ഉണ്ടെന്നായിരുന്നു ബിവറേജസ് കോർപ്പറേഷന്‍റെ വാദം. ഈ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കമ്മീഷൻ കണ്ടെത്തി. 2009ലെ ലീഗൽ മെട്രോളജി ആക്ട് സെക്ഷൻ 2(1)) മദ്യകുപ്പി ഫ്രീ പാക്കേജ് ചരക്കാണ്. ഈ നിയമ പ്രകാരം കുപ്പിയിൽ രേഖപ്പെടുത്തിയ പരമാവധി വിലയേക്കാൾ കൂടുതൽ തുക ഈടാക്കാൻ പാടില്ല.

പഴയ സ്റ്റോക്കുകൾ തീരുന്നതുവരെ പുതിയ ലേബലിൽ ഉയർന്ന വില ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അന്യായമായ വ്യാപാര രീതിയാണെന്ന് കമീഷൻ വിലയിരുത്തി. അന്യായമായി ഈടാക്കിയ 10 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും കോടതി ചെലവിനത്തില്‍ 10,000 രൂപയും ചേര്‍ത്ത് 25,010 രൂപ നല്‍കാനാണ് വിധി. വിധി വന്ന് നിശ്ചിത സമയത്തിനകം പരാതിക്കാരന് നൽകണമെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Beverages depot manager fined Rs 25,010 for charging more than MRP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.