മല്ലപ്പള്ളി: മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്. എഴുമറ്റൂർ, കൊറ്റനാട്, കോട്ടാങ്ങൽ, മല്ലപ്പള്ളി പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ആക്രമണം സ്ഥിരമായി മാറി. ചേന, ചീമച്ചേമ്പ്, കപ്പ, കാച്ചിൽ, വാഴ, തെങ്ങിൻ തൈകൾ എന്നിവയെല്ലാം കാട്ടുപന്നികൾ നശിപ്പിക്കുകയാണ്. കൂട്ടമായെത്തുന്ന കാട്ടുപന്നികൾ കർഷകന്റെ അധ്വാനഫലത്തെ കവർന്നെടുക്കുന്നതോടെ ഗത്യന്തരമില്ലാതെ നട്ടംതിരിയുകയാണ് ഓരോ കർഷകനും. കഴിഞ്ഞ ദിവസം രാത്രിയിലെത്തിയ പന്നിക്കൂട്ടം കൈപ്പറ്റ ഓരോലിക്കൽ ഷാജിയുടെ പുരയിടത്തിലെ കൃഷി നശിപ്പിച്ച് പുരയിടം ഉഴുതുമറിച്ച നിലയിലാക്കി. ബാങ്ക് വായ്പയും ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് കടമെടുത്തും മറ്റും പാട്ടകൃഷി ചെയ്ത കർഷകരെല്ലാം കടക്കെണിയിൽ നട്ടംതിരിയുകയാണ്.
വനമേഖലകളോട് ചേർന്ന പ്രദേശങ്ങളിൽ മാത്രമായിരുന്ന കാട്ടുപന്നി ശല്യം ജനവാസ മേഖലകളിലും വ്യാപകമായിരിക്കുകയാണ്. കൃഷി ഉപജീവനമാർഗമാക്കിയിരുന്ന കർഷക കുടുംബങ്ങൾ ഇപ്പോൾ മുഴുപ്പട്ടിണിയിലാകുന്ന സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.