അപകടാവസ്ഥയിലായ കല്ലുപാലം
കുളനട: ജലസേചന വകുപ്പിന്റെ അധീനതയിലുള്ള മാന്തുക ചക്കുള്ളിടത്തുപടി-ആലുനിൽക്കുന്ന മണ്ണ് റോഡിലെ കല്ലുപാലം തകർച്ചയിൽ. പാലത്തിന്റെ താഴ്ഭാഗത്തെ കൽക്കെട്ട് പൂർണമായും തകർന്ന നിലയിലാണ്. അഞ്ചുവർഷം മുമ്പ് ഇളകിത്തുടങ്ങിയ കൽക്കെട്ട് ഇപ്പോൾ പൂർണമായും തകർന്ന സ്ഥിതിയിലാണ്. ഇതിനിടെ, പാലത്തിൽ വലിയകുഴിയും രൂപപ്പെട്ടു. അപകടസാധ്യത കണക്കിലെടുത്ത് വെള്ളപ്പൊക്കസമയങ്ങളിൽ ഇതുവഴിയുള്ള യാത്രക്ക് നിരോധനം ഏർപ്പെടുത്തുന്നുണ്ടെങ്കിലും മറ്റ് നടപടിയൊന്നും അധികൃതർ സ്വീകരിക്കുന്നില്ല.
കുളനട പഞ്ചായത്ത് ഒന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന പാലം 50 വർഷത്തിലധികം പഴക്കമുള്ളതാണ്. എം.സി റോഡിനെയും കുളനട-വെണ്മണി, മാവേലിക്കര റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതയിലാണ് പാലം. പാലത്തിന് തകരാറുണ്ടായാൽ കുളനട, മാന്തുകവഴി ചുറ്റിവേണം മറുകരയിലെത്താൻ. യാത്രക്കാർക്ക് പാലത്തിന്റെ മുകൾഭാഗത്തെ കൈവരി തകർന്നതുമാത്രമേ കാണാൻ കഴിയൂവെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, താഴെ ഒരുഭാഗത്തെ കൽക്കെട്ട് തകർന്നുവീണു. മറ്റൊരുഭാഗം മുഴുവൻ വിണ്ടുകീറി തകർന്നുവീഴാറായ അവസ്ഥയിലുമാണെന്ന് ഇവർ പറയുന്നു. പാലത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് ജലസേചന വകുപ്പിനും എം.എൽ.എക്കും പരാതി നൽകിയിട്ടും പ്രയോജനമുണ്ടായിട്ടില്ലെന്ന് കുളനട ഗ്രാമപഞ്ചായത്ത് അംഗം ഐശ്വര്യ ജയചന്ദ്രൻ പറഞ്ഞു.
കോന്നി: വടക്കേ മണ്ണീറ ആദിവാസി കോളനിയിലേക്കുള്ള പാലം അപകടാവസ്ഥയിൽ. വർഷങ്ങൾ കഴിഞ്ഞിട്ടും ഇത് പുനഃസ്ഥാപിക്കാൻ നടപടിയില്ല. മഴ ശക്തമായതിനെ തുടർന്ന് തോട്ടിൽ വെള്ളം നിറഞ്ഞതോടെ കുടുംബങ്ങൾ മറുകരയിൽ എത്താൻ ബുദ്ധിമുട്ടുകയാണ്. ആദിവാസി കുടുംബങ്ങൾക്ക് മറുകരയിൽ എത്താൻ വർഷങ്ങൾക്ക് മുമ്പ് വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പാലം സ്ഥാപിച്ചത്. എന്നാൽ, അറ്റകുറ്റപ്പണി നടത്താതെ വന്നതിനാൽ ഇരുമ്പ് പാലം തുരുമ്പിച്ച് നാശാവസ്ഥയിലായി. തുരുമ്പ് പിടിച്ച ഭാഗങ്ങൾ അടർത്തിയെടുക്കാവുന്ന സ്ഥിതിയാണ്. ചവിട്ടുപടികൾ ഇളകി മാറിയിട്ടുണ്ട്. പാലത്തിൽ കയറുമ്പോൾ അപകടത്തിൽ പെടുന്നതിനുള്ള സാധ്യത ഏറെയാണ്.
അപകടത്തിലായ മണ്ണീറ കോളനി പാലം
പാലത്തിന്റെ തൂണുകൾ സ്ഥാപിച്ചിരിക്കുന്നത്തിന്റെ അടിഭാഗത്തെ കല്ലും മണ്ണും ഒഴുകി പോയിട്ടുമുണ്ട്. കോളനി സ്ഥിതി ചെയുന്ന ഭാഗത്തേക്ക് വാഹനം എത്താത്തതിനാൽ ഈ പാലത്തിലൂടെ നടന്ന് പ്രധാന റോഡിൽ എത്തിയെങ്കിൽ മാത്രമേ കോളനിവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ സാധിക്കുകയുള്ളൂ. സ്കൂളിൽ പോകുന്ന കുട്ടികൾ ഉൾപ്പെടെ ഈ പാലത്തിലൂടെ വേണം സഞ്ചരിക്കാൻ. മഴ ശക്തമായതോടെ കോളനിയിലെ ജനങ്ങൾ കൂടുതൽ ബുദ്ധിമുട്ടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.