പത്തനംതിട്ട: പോക്സോ കേസ് പ്രതിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി പത്തുലക്ഷം രൂപ തട്ടാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് വ്ലോഗർമാർ അറസ്റ്റിൽ. അഞ്ചൽ, അഗസ്തികോട് പൂവാനുംവിള അഗ്നി ജുവൽ (33), തിരുവനന്തപുരം മംഗലപുരം തോന്നയ്ക്കൽ രോഹിണിയിൽ അനീഷ് വിജയൻ (35) എന്നിവരെയാണ് അടൂർ ടൗണിൽനിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.
അടൂർ പൊലീസ് സ്റ്റേഷനിൽ മേയ് മാസം രജിസ്റ്റർ ചെയ്ത പോക്സോ ആക്ട് പ്രകാരമുള്ള കേസിലെ ഒന്നാം പ്രതിയുടെ പിതാവിനെയാണ് പ്രതികൾ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചത്. ശ്രീ വ്ലോഗ് എന്ന ചാനലിന്റെ ഉടമ ശ്രീജിത്തും ഭാര്യയും കൂടാതെ പുനലൂർ അഞ്ചൽ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള വിസ്മയ യുട്യൂബ് ചാനലിൽ പ്രവർത്തിക്കുന്ന അഗ്നി, അനീഷ്, റഹീം എന്നിവർ ചേർന്നാണ് പോക്സോ കേസിൽ അറസ്റ്റിലായ മകന്റെ ഫോണിൽനിന്ന് വിഡിയോകൾ പൊലീസുകാർ മുഖേന തങ്ങൾക്ക് കിട്ടിയിട്ടുണ്ടെന്നും ഈ വിഡിയോകൾ തങ്ങളുടെ ചാനലിലൂടെ പ്രചരിപ്പിക്കാതെ ഇരിക്കണമെങ്കിൽ തങ്ങൾക്ക് 10 ലക്ഷം രൂപ തരണം എന്നും നിരന്തരം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇവർക്ക് കൊടുക്കാൻ തന്റെ കൈയിൽ അത്രയും വലിയ തുക ഇല്ലെന്ന് പറഞ്ഞ പരാതിക്കാരൻ പ്രതികളോട് സംസാരിച്ച് ഒത്തുതീർപ്പിലെത്തി രണ്ടര ലക്ഷം രൂപ കൊടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. തുടർന്ന് അടൂർ പൊലീസിൽ പരാതിപ്പെട്ടു.
കേസ് രജിസ്റ്റർ ചെയ്ത അടൂർ പോലീസ് പറഞ്ഞതുപ്രകാരം ഈ തുക വെള്ളിയാഴ്ച കൈമാറാമെന്ന് പറഞ്ഞതിൻ പ്രകാരം അടൂരിലെത്തിയ പ്രതികളെ അടൂർ പൊലീസ് തന്ത്രപരമായി കുടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.