നജറുൽ ഹഖ്, സനൂപ്, അനൂപ്
പത്തനംതിട്ട: ചിറ്റാറിൽ ക്രഷറുകൾക്ക് സമീപം റോഡരികിൽ പാർക്ക് ചെയ്ത ലോറികളിൽ നിന്ന് 60 ലിറ്ററോളം ഡീസൽ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ ചിറ്റാർ പൊലീസ് അറസ്റ്റ് ചെയ്തു. അസം ബിന്യാചര സ്വദേശി നജറുൽ ഹഖ് (38), ചിറ്റാർ പുലിക്കൂട്ടുങ്കൽ വീട്ടിൽ സനൂപ് (39), ഇയാളുടെ സഹോദരൻ അനൂപ് (37) എന്നിവരാണ് പിടിയിലായത്. അസം സ്വദേശിയായ മറ്റൊരാളെ പൊലീസ് തിരയുന്നുണ്ട്.
ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്നതും ഇപ്പോൾ ആലപ്പുഴ കേന്ദ്രീകരിച്ച് നിർമാണപ്രവർത്തനങ്ങൾ നടത്തിവരുന്നതുമായ വേദ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ വക ടോറസ് ലോറികളിൽ നിന്നാണ് ഇവർ ഡീസൽ മോഷ്ടിച്ച് കടത്താൻ ശ്രമിച്ചത്. അസം സ്വദേശികളായ രണ്ടു പേരും ഇതേ കമ്പനിയിലെ ജോലിക്കാരാണ്. ഇവരോട് സൗഹൃദം സ്ഥാപിച്ച് നാട്ടുകാരായ മറ്റു രണ്ടു പേരും കൂടി ചേർന്നാണ് ഡീസൽ മോഷ്ടിക്കാൻ പദ്ധതിയിട്ടത്.
തിങ്കളാഴ്ച രാത്രി ഒരു മണിയോടെ രണ്ട് ലോറികളിൽ നിന്നായി 60 ലിറ്ററോളം ഡീസൽ മോഷ്ടിച്ച് കന്നാസുകളിലാക്കി മറ്റൊരു കാറിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ ചിറ്റാർ പൊലീസ് സ്റ്റേഷനിലെ നൈറ്റ് പട്രോളിങ് സംഘത്തിന് മുന്നിൽ കുടുങ്ങുകയായിരുന്നു. സബ് ഇൻസ്പെക്ടർമാരായ മനോജ് കുമാർ പി.പി, അനിൽകുമാർ, സി.പി.ഒമാരായ സജീവ്, ടിന്റോ സെലസ്റ്റിൻ, സജിൻ കെ.എസ് എന്നിവരടങ്ങിയ പട്രോളിംഗ് സംഘം പ്രതികളെയും ഡീസലും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചു. പ്രതികകളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.