ആ​റ​ന്മു​ള വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ കു​ടി​ലു​ക​ൾ

വിമാനത്താവള പദ്ധതി പ്രദേശത്ത് താമസിപ്പിച്ചവരുടെ ജീവിതം ദുരിതപൂർണം

പത്തനംതിട്ട: മിച്ചഭൂമിയായി പ്രഖ്യാപിച്ച ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ താമസക്കാരുടെ ജീവിതം ദുരിതപൂർണം. വിസ്മൃതിയിലായ വിമാനത്താവളം വീണ്ടും സജീവ ചർച്ചയാക്കിയവർ ഇപ്പോൾ പിൻമാറിയ അവസ്ഥയിലാണ്. ഈ സമയത്തും മാറ്റമില്ലാതെ തുടരുകയാണ് ഇവിടുത്തെ താമസക്കാരുടെ ദുരിതജീവിതം.

2011ൽ വിമാനത്താവള വിരുദ്ധ സമരം കത്തിനിൽക്കുന്ന സമയത്താണ് പദ്ധതിക്ക് തടയിടാൻ സി.പി.എം നേതൃത്വത്തിലെ സമരസമിതിക്കാർ 420 കുടുംബങ്ങളെ കുടിൽ കെട്ടി ഇവിടെ താമസിപ്പിച്ചത്. എന്നാൽ ഇപ്പോൾ 23 കുടിലുകൾ മാത്രമാണ് ഇവിടെയുള്ളത്. നേതാക്കളുടെ വാക്ക് വിശ്വസിച്ച് ഇവിടെ താമസമാക്കിയ ഇവരെ ഇപ്പോൾ തിരിഞ്ഞുനോക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. പലപ്പോഴായി ഒറ്റക്കും കൂട്ടായും കുടിലുകൾ പൊളിച്ച് കൂടുതൽ കുടുംബങ്ങളും സമരഭൂമിവിട്ടു. കഴിഞ്ഞ ദിവസം സെൻസസ് ഉദ്യോഗസ്ഥരെത്തി അവശേഷിക്കുന്ന കുടിലുകൾക്ക് നമ്പറിട്ടു.

സമരഭൂമിയിലുള്ളവർ കൂലിപ്പണിക്കാരാണ്. എന്നും ജോലിയില്ല. ജോലിക്ക് പോകാനാകാത്ത രോഗികളുമുണ്ട്. കുടിലുകൾക്കിടയിലൂടെ വൈദ്യുതി ലൈനുണ്ട്. അടുത്ത് കരുമാരം തോട്ടിൽനിന്ന് വയലിലേക്ക് എത്തുന്ന വെള്ളം മോട്ടോർ ഉപയോഗിച്ച് പുറത്തേക്ക് ഒഴുക്കാൻ മാത്രമാണ് വൈദ്യുതി കണക്ഷൻ. കുടിലുകളിൽ ഡീസലും മണ്ണെണ്ണയും ഉപയോഗിച്ചുള്ള കുഞ്ഞുവിളക്കുകളാണ് രാത്രിയിലെ പ്രകാശം. കാട്ടുപന്നികളുടെയും മരപ്പട്ടികളുടെയും വിഹാരകേന്ദ്രമാണിവിടം.

കുടിലുകളിലെ താമസക്കാർ പരിസരത്തു നട്ട കപ്പയും വാഴയും രാത്രിയിൽ പന്നി മറിക്കും. നായകളുടെ കുരയാണ് പന്നി എത്തുന്നതിന്റെ സിഗ്നൽ. പാട്ടകൊട്ടിയും ഒച്ചയുണ്ടാക്കിയും പന്നികളെ ഓടിക്കാൻ ഉറക്കമിളച്ച് കഴിയുകയാണ് താമസക്കാർ.

ഇവിടെ ആർക്കും ശുചിമുറികളില്ല. സമീപത്തെ കുറ്റിക്കാടുകളാണ് ആശ്രയം. എല്ലാവർക്കും കിണറില്ല. കുടിലുകളിൽ വിറകടുപ്പ് പുകയണമെങ്കിൽ മൂന്നര കിലോമീറ്റർ അകലെ വരെ നട‌ന്നുപോയി സാധനങ്ങൾ വാങ്ങണം. ആശുപത്രിയിൽ പോകാൻ രാത്രിയിൽ ഓട്ടോറിക്ഷ വിളിച്ചാൽ ആരും വരില്ല.

രോഗിയെ ചുമന്ന് അത്രയും ദൂരം നടക്കണം. മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാൻ ഒരു കിലോമീറ്ററിലേറെ അകലെയുള്ള വീട്ടുകാർ കനിയണം. കൂലിപ്പണിക്കു പുറത്തു പോകുന്നവർ പണിസ്ഥലത്ത് മൊബൈൽ ചാർജ് ചെയ്യും -ഇതാണ് അവസ്ഥ.

Tags:    
News Summary - Life of those settled in the airport project area is miserable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.