അടൂർ: യുവാവിനെ കമ്പി വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. ഏനാത്ത്, പുതുശ്ശേരി ഭാഗം, പ്രകാശ് ഭവനിൽ പ്രകാശിനെ (42)യാണ് ആക്രമിച്ചത്. തലപൊട്ടിയ പ്രകാശ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രകാശിന്റെ ഓട്ടോറിക്ഷ ഉത്രാടത്തിന് ബന്ധുവും അയൽവാസിയുമായ അഖിൽ ഓട്ടത്തിനു കൊണ്ടുപോയി. തിരുവോണത്തിന് കായംകുളത്ത് ഓട്ടോ അപകടത്തിൽപെട്ട് കേടുപാടുണ്ടായി. ഓട്ടോ നന്നാക്കി കൊടുക്കുന്ന വിഷയത്തിൽ ഇരുവരും അകൽച്ചയിലായിരുന്നു. ഇതിൽ അഖിലിനെതിരെ വക്കീൽ നോട്ടീസ് അയച്ചിരുന്നു.
തുടർന്നുളള വിരോധത്തിൽ പ്രതികൾ ഒത്തുകൂടി പ്രകാശിന്റെ വീട്ടുമുറ്റത്തെത്തി ചീത്തവിളിച്ച് ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഏറത്ത് വയല പുതുശേരിഭാഗം അരുണ്‍ നിവാസിൽ അഖിൽ (28), കുളക്കട എം.എൻ നഗറിൽനിന്ന് വള്ളികുന്നം പുത്തൻചന്ത വിജയ ഭവനം വീട്ടിൽ താമസിക്കുന്ന സൂരജ് സോമൻ (26 ), അടൂർ മുന്നാളം മംഗലത്ത് പുത്തൻവീട്ടിൽ ഉണ്ണികുട്ടൻ ( 25) എന്നിവരെയാണ് ഏനാത്ത് ഇൻസ്പെക്ടർ എ. അനൂപിന്റെ നേത്യത്യത്തിൽ അറസ്റ്റ് ചെയ്തത്. എ.എസ്.എമാരായ ശിവപ്രസാദ്, രവികുമാർ, എസ്.സി.പി.ഒ സജികുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.