പന്തളം: എന്ന് തീരും ഈ പൊടി തീറ്റും ദുരിതം എന്ന് ജനങ്ങൾ ചോദിക്കാൻ തുടങ്ങിയിട്ട് നാളുകളായി. കുരമ്പാല-പെരുമ്പുളിക്കൽ റോഡ് നവീകരണം ഒച്ചിന്റെ വേഗത്തിൽ നീളുന്നതാണ് ജനങ്ങൾക്ക് ദുരിതമായത്.
ഈ റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന പൊടിപടലത്തിൽ വലഞ്ഞു നാട്ടുകാർ പരാതി പറഞ്ഞിട്ടും പരിഹാരം മാത്രം അകലെയാണ്. ആനയടി-കൂടൽ റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി പല ഭാഗങ്ങളും കുത്തിയിളക്കി. അതിനുശേഷം ചെറിയ പാറക്കല്ലുകളും മണലും ചേർന്ന മിശ്രിതം റോഡിൽ നിരത്തി കൃത്യമായി ഉറയ്ക്കാനായി ഇട്ടിരിക്കുകയാണ്. ആദ്യ ദിവസങ്ങളിൽ കൃത്യമായി വെള്ളം തളിക്കുമായിരുന്നെങ്കിലും ഇപ്പോൾ പേരിനു മാത്രം ദിവസം ഒരിക്കൽ മാത്രമായെന്നു പ്രദേശവാസികൾ പറയുന്നു. പകൽ നല്ല ചൂടായതിനാൽ വെള്ളം തളിച്ചു മണിക്കൂറുകൾക്കകം ഉണങ്ങും. പിന്നീട് വാഹനങ്ങൾ പോകുമ്പോൾ പൊടിപടലങ്ങൾ ഉയരുന്ന സ്ഥിതിയാണ്.
പൊടിപടലങ്ങൾ വീടിനുള്ളിലേക്കുപോലും അടിച്ചുകയറുന്ന അവസ്ഥയാണ്. വലിയ വാഹനങ്ങൾ പോകുമ്പോൾ ഉയരുന്ന പൊടി ഇരുചക്രവാഹന യാത്രക്കാർക്കും ബുദ്ധിമുട്ടാകുന്നു. പൊടിശല്യംമൂലം വീടിന്റെ കതകും ജനാലയും തുറന്നിടാൻ കഴിയാറില്ലെന്നു പ്രദേശവാസികൾ പറഞ്ഞു. അലർജിയുള്ള പലരും ശ്വാസതടസ്സംമൂലം ബന്ധുവീടുകളിൽ പോയി പകൽ കഴിയുന്ന സാഹചര്യമാണ്. റോഡ് നവീകരണം പൂർത്തിയാകും വരെ ദിവസവും മൂന്നുതവണയെങ്കിലും കൃത്യമായി വെള്ളം തളിക്കാൻ ക്രമീകരണം ചെയ്യണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.