പത്തനംതിട്ട: അത്യുഷ്ണത്തിൽ വിയർത്ത് ജില്ല. ഇലന്തൂർ സ്വദേശിനിക്ക് സൂര്യാതപമേറ്റു. ഇലന്തൂർ വാര്യപുരത്തിന് സമീപം മുക്കൂട് സ്വദേശിനി ലാജോ ഭവനിൽ വിലാസിനിക്കാണ് സൂര്യാതപമേറ്റത്. ഉണക്കാനിട്ട കപ്പ എടുക്കാൻ അൽപസമയം വെയിലിലിറങ്ങിയപ്പോഴാണ് സൂര്യാതപമേറ്റത്. വല്ലാത്ത അസ്വസ്ഥതയുണ്ടായെങ്കിലും സൂര്യാതപമേറ്റതായി മനസ്സിലായില്ലെന്ന് വിലാസിനിയമ്മ പറഞ്ഞു. കണ്ണിന് താഴെയും മുഖവും പൊള്ളി. രണ്ട് ദിവസം കഴിഞ്ഞാണ് സൂര്യാതപമേറ്റത് തിരിച്ചറിഞ്ഞും ആശുപത്രിയിൽ പോയതും.
വേനൽ ചൂട് ഉയരുകയും അന്തരീക്ഷത്തിലെ ഉയർന്ന ഊർപ്പം കാരണമുള്ള അത്യുഷ്ണം അസഹ്യമാവുകയും ചെയ്തതോടെ പത്തനംതിട്ടയിലും ജനങ്ങളും പക്ഷിമൃഗാദികളുമെല്ലാം ഏറെ ദുരിതത്തിലാണ്. അൾട്രാവയലറ്റ് രശ്‌മികളുടെ അളവ് അധികരിച്ചത് വേനൽ ചൂടിനെ കൂടുതൽ അപകടകരമാക്കുന്നു. പകൽ 11 മണി മുതൽ 3 വരെയുള്ള സമയം വെയിൽ ഏൽക്കുന്ന തരത്തിലുള്ള ജോലികളിൽ ഏർപ്പെടുന്നത് ഒഴിവാക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും പത്തനംതിട്ടയിൽ ഇതൊന്നും ബാധിക്കില്ല എന്ന മട്ടിലാണ് പൊതുജനങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതികരണം.
ജില്ലയിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമ്പോൾ ഉയർന്ന അന്തരീക്ഷത്തിലെ ഈർപ്പം കാരണമുള്ള അത്യുഷ്ണം അസഹ്യമാവുകയും സൂര്യപ്രകാശത്തിലെ ഉയർന്ന അൾട്രാവയലറ്റ് രശ്‌മികളുടെ അളവ് വെയിലിനെ അപകടകരമാക്കുകയും ചെയ്യുന്നു. സാധാരണ പത്താമുദത്തോടനുബന്ധിച്ച് ലഭിക്കുന്ന വേനൽമഴ ഇത്തവണ നാമമാത്രമായാണ് ജില്ലയിൽ ലഭിച്ചത്. വേനൽ മഴ വൈകിയാൽ ഏറെ പ്രത്യാഘാതങ്ങൾ ഇനിയും നേരിടേണ്ടിവരും.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
• പകൽ 10 മുതൽ 3 വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
• പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്നവർ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
• പകൽ സമയത്ത് പുറത്തിററങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
• യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
• മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന അൾട്രാവയലറ്റ് സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.