പത്തനംതിട്ട അബാൻ ജങ്ഷനിലുണ്ടായ വാഹനാപകടം
പത്തനംതിട്ട: വയോധികന്റെ മരണത്തിനിടയാക്കിയ, തിരുവോണ നാളിലെ വാഹനാപകടത്തിൽ, അപകടത്തിനിടയാക്കിയ കാറിലെ ഡ്രൈവർ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ. പത്തനംതിട്ട നഗരത്തിലെ അബാൻ ജങ്ഷനിലാണ് അപകടം. മദ്യലഹരിയിലായിരുന്ന ഓമല്ലൂർ സ്വദേശി ഓടിച്ച വാഗണർ കാർ നിയന്ത്രണംവിട്ട് നടന്നുവരുകയായിരുന്ന കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇടിയെ തുടർന്ന് കാൽനടയാത്രക്കാരനായ റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ വലഞ്ചുഴി സ്വദേശി അബൂബക്കറാണ് (74) മരിച്ചത്. വൈകീട്ട് കടയിൽനിന്നും വീട്ടിലേക്കുള്ള ഭക്ഷണം വാങ്ങാൻ എത്തിയതായിരുന്നു അദ്ദേഹം.
അപകടത്തിൽ വാഗണർ കാറിലുണ്ടായിരുന്നവർ ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്ന ഓമല്ലൂർ സ്വദേശി വിശ്വജിത്ത്, വിജയ് മണ്ടൽ (22), ആശിക്കുൾ (19), അങ്കിത്ത് (22), സൻജിത്ത് (18), ആേൻറാനീസ് മിഞ്ചി (33) എന്നിവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രൂപേഷ് (25), ജനീഷ്( 26), സൂര്യ( 21), സുജൻ( 30) , അപകടം ഉണ്ടാക്കിയ കാർ ഓടിച്ച ജിനു (48)എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ.
കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തിയ ശേഷം കാർ ഇതുവഴി വന്ന മറ്റു വാഹനങ്ങളിലും ഇടിച്ചു. ശക്തമായ ഇടിയുടെ ആഘാതത്തിൽ ഒരാൾ സമീപത്തെ ഓടയിേലക്കും മറിഞ്ഞുവീണു. മറ്റുള്ളവർ റോഡിൽ തെറിച്ചുവീഴുകയും ചെയ്തു. അപകടം കണ്ട് പരിഭ്രാന്തരായ ജങ്ഷനിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ ഭയന്ന് നിലവിളിച്ചു. ഉടൻതന്നെ അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി. പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്കേറ്റവരിൽ നാലുപേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
കാറിലുണ്ടായിരുന്നവർ നന്നായി മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. കാറിൽ മദ്യക്കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും കണ്ടിരുന്നു. കണ്ണങ്കരയിൽ ഇവർ ബഹളമുണ്ടാക്കാൻ ശ്രമിച്ചതായും പറയുന്നു. പിന്നീടാണ് ടൗണിലേക്ക് വന്നത്. ജിനുവാണ് കാർ ഓടിച്ചത്. മദ്യലഹരിയിൽ ഇയാൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഒപ്പമുണ്ടായിരുന്ന വിശ്വജിത്ത് അപകടത്തിന് ശേഷം കാറിൽനിന്നിറങ്ങി അവിടെ കൂടി നിന്നവരെ അസഭ്യം വിളിച്ചത് ബഹളത്തിനും ഇടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.