ശബരിമലയിലെ തിരക്ക്
ശബരിമലയിൽ വീണ്ടും തിരക്ക് കൂടി; തിങ്കളാഴ്ച തീർഥാടകരുടെ എണ്ണം 80,000 കവിഞ്ഞു
ശബരിമല: രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമലയിൽ ഭക്തജനത്തിരക്ക്. തിങ്കളാഴ്ച്ച 80,328 പേർ മല ചവിട്ടി. പുലർച്ചെ 12 മുതൽ വൈകിട്ട് ഏഴു വരെ മാത്രമുള്ള കണക്കാണിത്.
മണ്ഡല-മകരമാസം 16 ദിവസം പിന്നിടുമ്പോൾ ദര്‍ശനം നടത്തിയ ആകെ ഭക്തരുടെ എണ്ണം 13,36,388 ആയി. ശനിയും ഞായറും തിരക്ക് വളരെ കുറവായിരുന്നു. നടപ്പന്തൽ മിക്കവാറും ഒഴിഞ്ഞുകിടന്നു. അതുകൊണ്ട് തന്നെ അവധി ദിവസം എത്തിയവർക്ക് പ്രയാസമില്ലാതെ ദർശനം സാധ്യമായി.
തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് തിരക്ക് വർധിച്ചത്. വൈകുന്നേരത്തോടെ നടപ്പന്തൽ നിറഞ്ഞുകവിഞ്ഞു.
അവധി ദിനങ്ങൾക്ക് ശേഷമുള്ള തിരക്ക് പ്രതീക്ഷിച്ചതിനാൽ എല്ലാ ഒരുക്കവും നടത്തിയിരുന്നു.
തെലുങ്ക് നടൻ വരുൺ മലചവിട്ടി
അഞ്ചാം വർഷവും മല ചവിട്ടി ശാസ്താവിനെ തൊഴുത നിർവൃതിയിൽ തെലുങ്ക് നടൻ വരുൺ സന്ദേശ്. ടോളിവുഡിലെ യുവനടന്മാരിൽ ശ്രദ്ധേയനായ വരുൺ സന്ദേശ് തിങ്കളാഴ്ച്ച പുലർച്ചെ മൂന്നിന് നട തുറന്ന സമയത്താണ് ദർശനം നടത്തിയത്.
ഹൈദരാബാദിൽനിന്ന് ഇരുമുടിയേന്തി വന്ന നടൻ നെയ്യഭിഷേകവും മറ്റു വഴിപാടുകളും നടത്തിയശേഷം 4.30 ഓടെ മലയിറങ്ങി. കസിൻ അടക്കം അഞ്ചു പേരോടൊപ്പമാണ് വരുൺ എത്തിയത്. ‘ഇതെന്റെ അഞ്ചാമത്തെ വരവാണ്.
അയ്യപ്പഭക്തി അത്രയ്ക്കുണ്ട്. 2009 ൽ എന്റെ മുത്തച്ഛൻ തെലുങ്ക് എഴുത്തുകാരനായ ജീഡിഗുണ്ട രാമചന്ദ്ര മൂർത്തിക്ക് അസുഖം ബാധിച്ചതിനെ തുടർന്നുള്ള നേർച്ചയായാണ് ആദ്യം മല ചവിട്ടിയത്.പിന്നീട് മൂന്നു തവണ വന്നു. ശബരിമലയിലേക്കുള്ള ഓരോ യാത്രയും പ്രത്യേക അനുഭൂതിയാണ്- വരുൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.