പത്തനംതിട്ട: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് ‘പ്രിയദർശിനി’ സൗജന്യ യാത്ര അനുവദിച്ചതോടെ വരുമാനം കുത്തനെ ഇടിഞ്ഞതായും ജീവിക്കാനായി നെട്ടോട്ടമോടുകയാണെന്നും സ്വകാര്യബസ് ജീവനക്കാർ. പ്രതിഫലം കുറഞ്ഞതോടെ ബസ്സിനുള്ളിൽ പലഹാര കച്ചവടം നടത്തിയാണ് പത്തനംതിട്ടയിലെ കണ്ടക്ടർമാർ പ്രതിഷേധിച്ചത്.
കെ.എസ്.ആർ.ടി.സിക്ക് നിരവധി ഓർഡിനറി ബസ്സുകൾ ഉള്ളതിനാൽ ‘പ്രിയദർശിനി’ പദ്ധതി സ്വകാര്യ ബസുകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ജില്ലകളിൽ ഒന്നാണ് പത്തനംതിട്ട. യാത്രക്കാർ കുറഞ്ഞതോടെ ഡീസൽ അടിക്കാനുള്ള പണം പോലും കിട്ടാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു. ഇതിനു പിന്നാലെയാണ് ബസ് ഉടമകൾ ടിക്കറ്റ് ഇതര വരുമാനത്തെ കുറിച്ച് ആലോചിക്കണമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞത്. ഇതോടെ ബസ്സിനുള്ളിൽ അചപ്പം ഉൾപ്പെടെയുള്ള പലഹാര കച്ചവടം നടത്താൻ ജീവനക്കാർ തീരുമാനിക്കുകയായിരുന്നു.
‘100 രൂപയ്ക്ക് 10 രൂപ വീതം കമ്മീഷനാണ് ഞങ്ങൾക്ക് കിട്ടിയിരുന്നത്. അതായത് 100 ഓടുമ്പോൾ 80 രൂപ മുതലാളിക്കും 10രൂപ വീതം ഞങ്ങൾക്ക് രണ്ടുപേർക്കും കിട്ടും. 10,000 രൂപ ഓടിയാൽ 1,000 രൂപ ശമ്പളമുണ്ട്. ഇപ്പോൾ കിട്ടുന്നത് 6000 മുതൽ 8,000 രൂപ വരെയാണ്. മുന്നോട്ട് പോകാൻ വലിയ പാടാണ്’ -പലഹാരം വിറ്റ് പ്രതിഷേധിക്കുന്ന കണ്ടക്ടർ പറഞ്ഞു.
അതിനിടെ, സൗജന്യയാത്ര മൂലമുള്ള പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ വാഹന ബന്ദിലേക്ക് നീങ്ങാനാണ് സ്വകാര്യ ബസ് ഉടമകളുടെ നീക്കം. ടൂറിസ്റ്റ് ബസ്, ടാക്സി, ഓട്ടോ എന്നിവരെ അണിനിരത്തിയാകും ബന്ദ് നടത്തുക. ഇത് സംബന്ധിച്ച് ജൂലൈ ആറിന് യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കുമെന്നും സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി.
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി വന്നതിന് ശേഷം സ്വകാര്യ ബസുകൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒഴിഞ്ഞ ബസുമായി സർവിസ് പൂർത്തിയാക്കേണ്ട സ്ഥിതിയാണ് ഉള്ളതെന്ന് ഇവർ പറയുന്നു. ഡീസൽ ചെലവിനും തൊഴിലാളികളുടെ വേതനത്തിന് പോലും പണം കണ്ടെത്താനാവാത്തത്രയും മോശം അവസ്ഥയിലാണ് ഉള്ളതെന്നും ഉടമകൾ പറയുന്നു.
അതേസമയം, മലയോര റൂട്ടുകളിലെ കെ.എസ്.ആർ.ടി.സി ബസുകളിൽ സുരക്ഷപരിധി ലംഘിച്ച് ഇരട്ടിയോളം യാത്രക്കാരെ കുത്തിനിറച്ച് സർവിസ് നടത്തുന്നത് അപകട സാധ്യത വർധിപ്പിക്കുകയാണ്. സുരക്ഷപരിധി 64 ആണെങ്കിലും പ്രിയദർശിനി സർവിസുകൾ വന്നതോടെ 120ലധികം പേരെ കയറ്റേണ്ട അവസ്ഥയാണ് പല കെ.എസ്.ആർ.ടി.സി ബസുകളിലും.
15 വർഷത്തിലധികം പഴക്കമുള്ള ബസുകൾ വീതി കുറഞ്ഞ മലയോര റോഡുകളിലൂടെ ഇത്തരത്തിൽ സർവിസ് നടത്തുന്നത് അപകടകരമാണ്. മലക്കപ്പാറ, നെല്ലിയാമ്പതി, മൂന്നാർ, ഗവി എന്നിവിടങ്ങളിലെല്ലാം റോഡുകളുടെ വീതിക്കുറവും യാത്രക്കാരുടെ എണ്ണം വർധിക്കുന്നതും ബസുകളെ ബാധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ 7.55 ന് ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്ക് പുറപ്പെട്ട ആർ.എൻ.ഇ 276 നമ്പർ ബസിൽ ചാലക്കുടി സ്റ്റാൻഡിൽ നിന്ന് തന്നെ 95 ലധികം പേർ കയറിയിരുന്നു. തുടർന്ന് സ്വകാര്യ ബസ് സ്റ്റാൻഡിയെത്തിയപ്പോൾ വീണ്ടും ആളുകൾ കയറിയതോടെ 120 ലധികം യാത്രക്കാരുമായാണ് സർവിസ് പൂർത്തിയാക്കിയത്.
മോട്ടോർ വാഹന ചട്ട പ്രകാരം 51 സീറ്റിങ്ങും 25 ശതമാനം സ്റ്റാൻഡിങ്ങുമുൾപ്പെടെ പരമാവധി 64 പേർക്ക് മാത്രം യാത്ര ചെയ്യാവുന്നിടത്താണിത്. ദുർഘടമായ മലയോര പാതയിലൂടെ അമിതഭാരം കയറ്റി സർവിസ് നടത്തുന്നത് വൻ ദുരന്തത്തിന് കാരണമായേക്കാം. കാലവർഷം കനത്തതോടെ റോഡിന്റെ വശങ്ങൾ ഇടിയാനും വണ്ടി തെന്നിമാറാനുമുള്ള സാധ്യത കൂടുതലാണെന്നും ഇത് ഗുരുതര സുരക്ഷ വീഴ്ചയാണെന്നും കാണിച്ച് സ്വതന്ത്ര ട്രാൻസ്പോർട്ട് എംപ്ലോയീസ് ഫെഡറേഷൻ ഗതാഗതമന്ത്രിക്കും കെ.എസ്.ആർ.ടി.സി സി എം.ഡിക്കും കത്ത് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.