ഇലന്തൂർ: ഇലന്തൂർ പഞ്ചായത്തിലെ കാർഷിക സമൃദ്ധിയുടെ വീണ്ടെടുപ്പിന് 10 നീർച്ചാലുകൾ നവീകരിക്കുന്നു. വി.ബി-ജി റാം ജി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തോടുകൾ ശുചീകരിച്ചും തടയണകൾ നിർമിച്ചും കാർഷിക ഉപയോഗത്തിനായി ജലമൊഴുക്ക് ക്രമീകരിക്കുക. മൂന്നു മാസം നീളുന്ന നവീകരണ പ്രവർത്തനങ്ങളിൽ 426 തൊഴിലുറപ്പ് തൊഴിലാളികൾ പങ്കുചേരും. ഭഗവതി കുന്ന് - വെട്ടിക്കൽ, വെട്ടിക്കൽ - ആനപ്പാറ, തെങ്ങുംതറ വെട്ടിക്കൽ തോടുകളാണ് നവീകരിക്കുന്നതിൽ പ്രധാനം.
പുള്ളുവനാൽ കച്ചകെട്ട് മേമുറിയിൽ, കുമരമല പമ്പ് ഹൗസ് -കരിങ്ങാട്ടിൽ, തുമ്പോന്തറ - ചെമ്പകത്തിനാൽ, പട്ടം തറ, നെല്ലിക്കുന്ന് - ഇലന്തൂർ ജംഗ്ഷൻ, സി.എസ്.ഐ- വെട്ടിക്കൽ പടി, ഭജന മഠം - മധുമല, കൊച്ചുവരട്ടുചിറ തുടങ്ങിയ തോടുകളാണ് നവീകരിക്കുക. ഇലന്തൂർ പഞ്ചായത്തിലെ ഏക്കർ കണക്കിന് പാടശേഖരങ്ങളെ ജലസമൃദ്ധമാക്കുന്നതാണ് ഈ തോടുകൾ.
കൈയേറ്റവും മാലിന്യം നിറഞ്ഞും തൊടുകൾ നാശോന്മുഖമായതോടെയാണ് ജനകീയ കൂട്ടായ്മയിൽ തോടുകൾ നവീകരിക്കാൻ പഞ്ചായത്ത് ഭരണസമിതി പദ്ധതിയിട്ടത്. ജലസമൃദ്ധി ഉറപ്പാക്കാൻ വിവിധ സ്ഥലങ്ങളിൽ തടയണകളും നിർമിക്കും. തരിശുപാടശേഖരങ്ങൾ കൃഷി യോഗ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സി.എസ്.ഐ പള്ളിപ്പടി മുതൽ വെട്ടിക്കൽ വരെയുള്ള തൊട് നവീകരിച്ച് വി.ബി-ജി റാം ജി പദ്ധതിയുടെ പഞ്ചായത്തുതല പ്രവർത്തനം ആരംഭിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. മുകുന്ദൻ ഉദ്ഘാടനം നിർവഹിച്ചു. വികസന സ്ഥിരം സമിതി ചെയർമാൻ സാം ചെമ്പകത്തിൽ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ റേച്ചൽ തോമസ്, കെ. ജി. റെജി, അരുൺ രാജ്, ഇന്ദിരാ മോഹൻ, രെഞ്ചു, പദ്ധതി ആക്രെഡിറ്റഡ് എൻജിനീയർ അനീഷ് വി. നായർ, സാജൻ ജോർജ്, സുനിത കെ. ബേബി എന്നിവർ സംസാരിച്ചു. കൂടുതൽ ഷൂട്ടർമാരെ നിയോഗിച്ച് കൃഷി നശിപ്പിക്കുന്ന പന്നികളെ നശിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതായും മാലിന്യങ്ങൾ തോട്ടിൽ തള്ളാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും മാലിന്യം തോടുകളിൽ തള്ളുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് കെ.പി. മുകുന്ദനും സ്ഥിരം സമിതി അധ്യക്ഷൻ സാം ചെമ്പകത്തിലും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.